രാജ്യത്ത് രോഗപ്രതിരോധ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ റോട്ടാവൈറസ് വാക്‌സിനും ഉള്‍പ്പെടുത്തി. കുട്ടികളിൽ ഉണ്ടാവുന്ന ഗുരുതരമായ അതിസാരത്തിനു പ്രധാന കാരണമാണ് റോട്ടാവൈറസ്. ഈ അണുബാധയിൽനിന്ന് സംരക്ഷിക്കപ്പെടാൻ ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണ് റോട്ടാവൈറസ് പ്രതിരോധ മരുന്ന്. പ്രതിരോധ മരുന്ന് അതിസാരം മൂലമുള്ള ശിശുമരണ നിരക്ക് കുറക്കുന്നതിൽ വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്.
നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സിനൊപ്പമാണ് റോട്ടാവൈറസ് പ്രതിരോധ മരുന്ന് നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുള്ളിമരുന്നായാണ് വാക്സിന്‍ നല്‍കുക. കുട്ടികൾക്ക് കൃത്യമായി വാക്സിനുകൾ നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. 3,96,000 ദീനാർ ആരോഗ്യ മന്ത്രാലയം വാക്സിന്‍ വാങ്ങുന്നതിനായി വകയിരുത്തി.
കുട്ടികളെയാണ് റോട്ടാവൈറസ് കൂടുതലും ബാധിക്കുന്നത്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ റോട്ടാവൈറസ് പിടികൂടുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗപ്രതിരോധശേഷി കൂടുന്നതിനനുസരിച്ച് രോഗതീവ്രത കുറയും.
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. ചെറുകുടലിന്റെ കോശങ്ങളെ നശിപ്പിക്കുന്ന സാംക്രമിക സ്വഭാവമുള്ള വൈറസാണിത്. വയറിളക്കം കാരണം നിർജലീകരണം ഉണ്ടാവുകയും ശരിയായ പരിചരണം സമയോചിതമായി നല്‍കിയില്ലെങ്കില്‍ മരണത്തിനുവരെ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പ്രതിരോധ മരുന്ന് നല്‍കുന്നതിലൂടെ ഇവയെ നിയന്ത്രിക്കാനാകും.