/sathyam/media/media_files/2025/11/15/77777-2025-11-15-14-19-15.jpg)
ആയുര്‍വേദ ഔഷധമായ തഴുതാമ വിവിധ മരുന്നുകൂട്ടുകളില്‍ ഉപയോഗിക്കാറുണ്ട്. നിരവധി ഗുണങ്ങളുള്ള തഴുതാമയെക്കുറിച്ച് പുതുതലമുറയ്ക്ക് പലപ്പോഴും പരിജ്ഞാനം കുറവായിരിക്കാം. തഴുതാമയെക്കുറിച്ച് അറിയാം ചില കാര്യങ്ങള്‍.
നിലംപറ്റി വളരുന്ന സസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതിനെ പുനര്‍നവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തില്‍ കാണപ്പെടുന്നുണ്ട്.
എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ. ഇംഗ്ലീഷില്‍ ഹോഴ്‌സ് പര്‍സ് ലേന്‍ എന്നാണ് തഴുതാമ അറിയപ്പെടുന്നത്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുന്ന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല.
പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് തഴുതാമ. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്.
മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും.
തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്‌ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറുമെന്നാണ് പറയന്നുത്.
തഴുതാമയുടെ ഇല തോരന്‍ വച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്‌നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും.
സമൂലമരച്ച് അഞ്ചു ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്.
കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
(തഴുതാമയെക്കുറിച്ചുള്ള ലഘുവിവരണം മാത്രമാണ് ഈ കുറിപ്പ്. നിങ്ങളുടെ ആയുര്‍വേദ ഡോക്ടറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാവുന്നതാണ്.)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us