കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുള്‍പൊട്ടല്‍ കാരണം പമ്പയില്‍ ജലനിരപ്പ് കൂടി, നാല് ജില്ലകളില്‍ മഴയോട് മഴ; കൊച്ചി വെള്ളത്തില്‍

author-image
Charlie
Updated On
New Update

publive-image

ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തില്‍ കനത്തവെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കൊച്ചി നഗരത്തിലും പുത്തന്‍കുരിശില്‍ ദേശീയപാതയിലും വെള്ളം കയറി. കലൂര്‍, തമ്മനം ഭാഗത്തും ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും പ്രധാന റോഡുകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈറ്റില,ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗതകുരുക്ക്.

Advertisment

എറണാകുളവും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരവും വെള്ളത്തിലായി. എം ജി റോഡ്, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്.

കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുള്‍പൊട്ടല്‍ കാരണം പമ്പയില്‍ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

കാസര്‍കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം.

Advertisment