തൃത്താല പീഡനം: പൊലീസിന് ഗുരുതര വീഴ്ച, റെയ്ഡിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ കേസെടുക്കാതെ വിട്ടയച്ചു

New Update

publive-image

Advertisment

പാലക്കാട് : തൃത്താല പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. പെൺകുട്ടിയെ പാർപ്പിച്ച ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ കേസെടുക്കാതെ വിട്ടയച്ചു. ലഹരിമരുന്ന് അടക്കം ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധന നടത്താതെയാണ് പോലീസ് വിട്ടയച്ചത്.

തൃശൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും പോയത്. അറസ്റ്റിലായ അഭിലാഷിന്റെ ഒപ്പമാണ് പെൺകുട്ടി പട്ടാമ്പിയിലെ ആര്യാ ഹോട്ടലിൽ തങ്ങിയത്. അഭിലാഷിൻറെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നെന്ന വിവരത്തെ തുടർന്നാണ് തൃത്താല പോലീസ് ഹോട്ടലിലെത്തിയത്.

ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പോലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. വൈദ്യ പരിശോധനയും നടത്തിയില്ല. കേസിലെ മുഖ്യപ്രതി അഭിലാഷിൻറെ ബന്ധുവിൻറെ ഇടപെടലിനെ തുടർന്നാണ് കേസെടുക്കാതെ വിട്ടയച്ചത്. ബന്ധു ജയപ്രകാശ് സ്വാധീനം ചെലുത്തിയാണ് പ്രതികളെ രക്ഷിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ ബന്ധു ഇത് നിഷേധിച്ചു.

തൃത്താലയിൽ വർഷങ്ങളായി നടക്കുന്ന മയക്കുമരുന്ന് നൽകിയുള്ള പീഡനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2019 മുതൽ തൃത്താല സ്വദേശിനിയായ 18 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി അമ്മയാണ് രംഗത്തെത്തിയത്. പതിനാറു വയസു മുതൽ മയക്കുമരുന്നു നൽകിയും നഗ്‌നചിത്രങ്ങൾ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.

പിതാവിൻറെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡനം. മുഹമ്മദിനും നൗഫലിനുമെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്.

NEWS
Advertisment