നിങ്ങൾ ഒരു വീടോ, ഫ്‌ളാറ്റോ, കെട്ടിടമോ വാടകക്ക് എടുക്കുന്നതിനായി തീരുമാനമായാൽ പ്രസ്തുത കെട്ടിടം വാടകക്ക് ലഭിക്കുന്നതിനായി കെട്ടിട ഉടമയുമായി ഒരു വാടക കരാർ ഒപ്പിടേണ്ടതുണ്ട്. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള നിയമ പരമായ ബന്ധം തെളിയിക്കുന്ന ആധികാരിക രേഖയാണ് വാടക കരാർ. ഇരുവരുടെയും കടമകൾ, അവകാശങ്ങൾ തുടങ്ങിയവ അതിൽ നിർവചിച്ചിട്ടുണ്ടാവും.
സാധാരണ ഗതിയിൽ ഒരു മുദ്ര പത്രത്തിൽ വാടക കരാർ എഴുതി അതിന്റെ ഒരു കോപ്പി വാടകക്കാരന് നൽകുകയാണ് ചെയ്യുന്നത്.പലരുടെയും ധാരണ വാടക കരാർ നിയമ പ്രകാരം പതിനൊന്ന് മാസത്തേക്കാണ് എഴുതാൻ സാധിക്കുക എന്നും അത് ഓരോ പതിനൊന്ന് മാസം കഴിയുമ്പോൾ പുതുക്കി കൊണ്ടിരിക്കണം എന്നുമാണ്. അങ്ങിനെ യാതൊരു നിയമവും നിലവിലില്ല. എന്നിട്ടും ബഹുഭൂരിഭാഗം വരുന്ന കെട്ടിട ഉടമകള് പതിനൊന്ന് മാസത്തിൽ കൂടുതൽ വാടക കരാർ എഴുതാൻ വിമുഖരാണ്. അതെന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
നിലവിലെ നിയമ പ്രകാരം കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മിൽ കെട്ടിട ഉടമ സ്ഥനും വാടകക്കാരനും തമ്മിൽ ഒരു വാടക കരാറിൽ ഏർപ്പെട്ടാൽ സാധാരണ ഗതിയിൽ ഒരു മാസത്തിനുള്ളിൽ ആ കരാർ രജിസ്റ്റർ ചെയ്യണം. എന്നാൽ പതിനൊന്ന് മാസം വരെയുള്ള വാടക കരാറുകൾ നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതില്ല. പതിനൊന്ന് മാസത്തെ കാലാവധിക്ക് മുകളിൽ വരുമ്പോഴാണ് രജിസ്‌ട്രേഷൻ ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ അതിന് ബാധകമാകുക.
രജിസ്റ്റർ ഓഫീസിലെ രജിസ്‌ട്രേഷൻ ചിലവുകളും നൂലാമാലകളും കരാർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മറുഭാഗത്തിന് ലഭിക്കുന്ന നിയമപരമായ ആനുകൂല്യങ്ങളും ലഭിക്കാതിരിക്കാൻ പലപ്പോഴും കെട്ടിട ഉടമ തന്നെയാണ് പതിനൊന്ന് മാസത്തിൽ കുറവുള്ള വാടക കരാറിനായി നിർബന്ധം പിടിക്കുക.
രജിസ്‌ട്രേഷൻ നിയമത്തിലെ പതിനേഴാം വകുപ്പ് പ്രകാരം ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള വാടക കരാറുകളാണ് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടത്.നിലവിൽ കെട്ടിടങ്ങൾ വാടകക്ക് എടുക്കുമ്പോൾ 1965 ലെ കേരള കെട്ടിട പാട്ടവും വാടക നിയന്ത്രണ നിയമവുമാണ് ബാധകമാകുക. ഈ കേന്ദ്ര നിയമത്തിന് ചേർന്ന് നിൽക്കുന്ന കേരള വാടക നിയന്ത്രണ നിയമം സംബന്ധിച്ച കരട് നിയമം അവതരിപ്പിച്ചെങ്കിലും അത് ഇതുവരെ നിയമമായിട്ടില്ല. പുതിയ നിയമം നിലവിൽ വന്നാൽ എത്ര കാലാവധിക്കും കരാർ എഴുതുന്നതിന് സാധിക്കും. മാത്രമല്ല വാടക കരാർ എഴുതി ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്താലും മതി.