‘ഹൃദയ’ത്തില്‍ പ്രണവിനെ കണ്ടുപിടിക്കാമോ?

ഉല്ലാസ് ചന്ദ്രൻ
Friday, March 6, 2020

പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും നായകനും നായികയുമാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമായ ‘ഹൃദയം’ അണിയറയില്‍ ഒരുങ്ങുകയാണ്.

ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ വിനീത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പക്ഷേ അതിലൊന്നും പ്രണവ് ഉണ്ടായിരുന്നില്ല. അതോടെ പ്രണവിന്റെ ആരാധകര്‍ താരമെവിടെ എന്ന് ചോദിച്ച് കമന്റുകളുമായി എത്തിയിരുന്നു. ഇവര്‍ക്കുള്ള മറുപടിയായി ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ വിനീത്.

വിനീത് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹൃദയത്തിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് കൈ ഉയര്‍ത്തി ആര്‍ത്തുവിളിക്കുന്നതാണ് ചിത്രത്തിലുള്ളത്.

പ്രണവിനെ അന്വേഷിക്കുന്നവരോട്, ചിത്രത്തില്‍ പ്രണവുണ്ട്. നിങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുകളില്‍ നിന്നും എടുത്തിരിക്കുന്ന ചിത്രമായതിനാല്‍ ചിത്രത്തില്‍ എല്ലാവരുടേയും മുഖം വ്യക്തമല്ല. അതിനാല്‍ തന്നെ വലിയ ചര്‍ച്ച തന്നെയാണ് ഈ പോസ്റ്റിന് അടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പല ആരാധകരും പലരേയും ചൂണ്ടിക്കാട്ടി എത്തിയിട്ടുണ്ട്.

ചാര നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് അരികില്‍ നില്‍ക്കുന്നയാളാണ് പ്രണവെന്നും മേശയ്ക്ക് മുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കുന്നയാളാണെന്നുമൊക്കെ പലരും കമന്റുകളുമായി എത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും അഭിനയിക്കുന്നുണ്ട്.

വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മാതാവ് ‘ഹെലന്‍’ എന്ന സിനിമയില്‍ നായകനായ നോബിള്‍ ബാബു തോമസാണ്. ഈ വര്‍ഷം ഓണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

×