കുവൈറ്റില്‍ റസ്റ്റോറന്റുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ; നിലവില്‍ രാജ്യത്തുള്ളത് 13000 റസ്‌റ്റോറന്റുകള്‍ ; പലതിനും ലൈസന്‍സില്ല , ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്നത് കാലഹരണപ്പെട്ട ഭക്ഷണങ്ങളും ; പൗരന്മാരുടെ പ്രതികരണം ഇങ്ങനെ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, August 19, 2019

കുവൈറ്റ് : കുവൈറ്റില്‍ റസ്‌റ്റോറന്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് നിലവില്‍ 13000 റസ്റ്റോറന്റുകളാണ് ഉള്ളത്. എന്നാല്‍ ജലീബ് അല് ഷുവൈക്കിലെ ഒട്ടുമിക്ക റസ്‌റ്റോറന്റുകളും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ പല റസ്റ്റോറന്റുകള്‍ക്കും ആവശ്യമായ രേഖകളോ ലൈസന്‍സോ ഇല്ലെന്നും മിക്ക റസ്‌റ്റോറന്റുകളും കാലാവധി കഴിഞ്ഞ ഭക്ഷണമാണ് നല്‍കുന്നതെന്നും കുവൈറ്റ് പൗരനായ അബ്ദുല്ല അല്‍ മുത്തരി പറയുന്നു .റസ്റ്റോറന്റുകളുടെ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പല റസ്റ്റോറന്റുകളിലും വൃത്തിഹീനമായ സാഹചര്യമാണുള്ളതെന്ന് മറ്റൊരു സ്വദേശി പൗരനായ മുഹമ്മദ് ഇമാദ് പറയുന്നു. റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്ന സമയങ്ങളില്‍ മേശപ്പുറത്ത് താന്‍ പാറ്റകളെ സ്ഥിരമായി കാണാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആവശ്യമായ ലൈസന്‍സോടു കൂടിയാണോ റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് താന്‍ ഒരിക്കല്‍ ഒരു റസ്റ്റോറന്റിലെ ജീവനക്കാരനോട് ചോദിച്ചിരുന്നതായി അദേല്‍ അല്‍ ഹമൂദ് എന്ന സ്വദേശി പൗരനും പറയുന്നു. എന്നാല്‍ താന്‍ ജോലി ചെയ്യുന്ന റസ്‌റ്റോറന്റിന് മാത്രമല്ല,ജലീബിലെ മിക്ക റസ്‌റ്റോറന്റുകള്‍ക്കും ലൈസന്‍സില്ലെന്ന മറുപടിയാണ് ജീവനക്കാരന്‍ തനിക്ക് നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.

ലൈസന്‍സില്ലാത്ത റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ അത് തന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന ഭയം മൂലം താന്‍ ഉടനെ അവിടെ നിന്നു ഭക്ഷണം കഴിക്കാതെ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളും കാലഹരണപ്പെട്ട ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് സ്വദേശി പൗരനായ തലാല്‍ ബു ഹമദ് പറയുന്നു. ലൈസന്‍സുള്ള നിരവധി റസ്റ്റോറന്റുകളില്‍ മാംസാഹാരം ഉള്‍പ്പെടെയുള്ളവ പഴകിയതാണ് നല്‍കുന്നത്.

ഇത്തരം റസ്റ്റോറന്റുകള്‍ വൃത്തിഹീനമായ പ്രദേശങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവ ശുചിത്വ നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കുന്നില്ലെന്നും ജലീബ് അല്‍ ഷുവൈക്കില്‍ മാത്രമല്ല, ഫര്‍വാനിയയിലും ഇത്തരം റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

×