ഇന്ത്യ-പാക് പോരാട്ടം: "പിന്നോട്ട് പോയത് പാകിസ്താനല്ല, ഐസിസി ആണ്"; വെളിപ്പെടുത്തലുമായി നജാം സേത്തി

കൊളംബോയില്‍ ഫെബ്രുവരി 15-ന് നടക്കേണ്ട മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പാകിസ്താന്‍ പിന്മാറിയത് ഐസിസിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

New Update
Untitled

ഇസ്ലാമാബാദ്: 2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഐസിസി ആണ് വിട്ടുവീഴ്ച ചെയ്തതെന്ന അവകാശവാദവുമായി മുന്‍ പിസിബി ചെയര്‍മാന്‍ നജാം സേത്തി.

Advertisment

കൊളംബോയില്‍ ഫെബ്രുവരി 15-ന് നടക്കേണ്ട മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പാകിസ്താന്‍ പിന്മാറിയത് ഐസിസിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പാകിസ്താന്‍ ഭരണകൂടം ബഹിഷ്‌കരണ ആഹ്വാനം പിന്‍വലിച്ചത് ഐസിസി നടത്തിയ വിട്ടുവീഴ്ചകള്‍ കാരണമാണ്. ബംഗ്ലാദേശിന് മേല്‍ ചുമത്താനിരുന്ന ഉപരോധങ്ങള്‍ ഒഴിവാക്കാനും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനും ഐസിസി തയ്യാറായതോടെയാണ് പാകിസ്താന്‍ അയഞ്ഞത്.


ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്ന് പാകിസ്താന് ഉറപ്പായിരുന്നു. അന്താരാഷ്ട്ര തലത്തിലെ മികച്ച അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമാണ് '15 ദിവസത്തെ നോട്ടീസ്' നല്‍കിയതെന്നും ഇത് കൃത്യമായ പ്ലാനിംഗിന്റെ ഭാഗമായിരുന്നുവെന്നും സേത്തി പറഞ്ഞു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ ഐസിസിയുടെ ഫണ്ടിനെ മാത്രം ആശ്രയിച്ചല്ല കഴിയുന്നത്. ഐസിസിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വലിയ വരുമാനം പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന് മേല്‍ ഐസിസി ഉപരോധം ഏര്‍പ്പെടുത്തില്ല. പകരം 2028-31 സൈക്കിളില്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് (മിക്കവാറും അണ്ടര്‍-19 ലോകകപ്പ്) ആതിഥേയത്വം വഹിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കും.


ഫെബ്രുവരി 15-ലെ മത്സരം: തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടം നിശ്ചയിച്ച പ്രകാരം കൊളംബോയില്‍ തന്നെ നടക്കും.

ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകള്‍ പുനരാരംഭിക്കണമെന്ന പാകിസ്താന്റെ ആവശ്യം ഐസിസി ഇപ്പോള്‍ അംഗീകരിച്ചിട്ടില്ലെങ്കിലും, വരും മാസങ്ങളില്‍ ഐസിസിയില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ പാകിസ്താന് ലഭിച്ചേക്കുമെന്ന് സേത്തി സൂചന നല്‍കി.

Advertisment