/sathyam/media/media_files/2026/02/09/untitled-2026-02-09-12-29-16.jpg)
ലാഹോര്‍: ഫെബ്രുവരി 15-ന് നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ കളിക്കാന്‍ തയ്യാറാകണമെങ്കില്‍ മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലാഹോറില്‍ ഐസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ അമിനുല്‍ ഇസ്ലാം ബുള്‍ബുളും ചര്‍ച്ചയില്‍ പങ്കെടുത്തു. നിലവില്‍ ഐസിസി വരുമാനത്തിന്റെ 5.75 ശതമാനം മാത്രമാണ് പാകിസ്ഥാന് ലഭിക്കുന്നത് (ഏകദേശം 34.51 ദശലക്ഷം ഡോളര്‍). ഇത് വര്‍ദ്ധിപ്പിക്കണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യം.
ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകള്‍ പുനരാരംഭിക്കണം. ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് പുറമെ ഇന്ത്യയുമായി നേരിട്ടുള്ള പരമ്പരകള്‍ കളിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഇത് രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ എടുക്കേണ്ട തീരുമാനമാണെന്നിരിക്കെ, ഐസിസിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പിസിബി ശ്രമിക്കുന്നത്.
2025ലെ ഏഷ്യാ കപ്പിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. ലോകകപ്പില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനല്‍കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.
സുരക്ഷാ കാരണങ്ങളാല്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പാകിസ്ഥാനും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് എടുത്തത്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്നില്ലെങ്കില്‍ ബ്രോഡ്കാസ്റ്റിംഗ് വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന സാഹചര്യം മുതലെടുത്ത് ഐസിസിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us