/sathyam/media/media_files/2026/03/09/untitled-2026-03-09-09-40-37.jpg)
അഹമ്മദാബാദ്: ലോക ക്രിക്കറ്റില്‍ അപ്രമാദിത്വം തുടര്‍ന്ന് ടീം ഇന്ത്യ. ടി20 ലോകകപ്പിന്റെ ആവേശകരമായ ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടി. ഈ വിജയത്തോടെ മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും 'മെന്‍ ഇന്‍ ബ്ലൂ' സ്വന്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചുകൂട്ടിയത്. ടി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കൃത്യതയാര്‍ന്ന ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെയും പേസ് ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുംറയെയും പ്രമുഖര്‍ പ്രശംസിച്ചു.
സഞ്ജുവിന്റെയും ബുംറയുടെയും പ്രകടനത്തെ രാഹുല്‍ ഗാന്ധി പ്രത്യേകം എടുത്തുപറഞ്ഞു. രാജ്യം എന്നും ഓര്‍ത്തിരിക്കുന്ന വിജയമാണിതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ ടീമിന്റെ ഐതിഹാസിക വിജയത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനങ്ങള്‍ അറിയിച്ചു.
'ടീം ഇന്ത്യയുടെ വിജയം ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ അഭിമാനവും സന്തോഷവും നിറച്ചിരിക്കുന്നു. കായികരംഗത്തെ നമ്മുടെ യുവാക്കളുടെ മികവിന്റെ തെളിവാണ് ഈ നേട്ടം.' - പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
തുടര്‍ച്ചയായി രണ്ടുതവണ ലോകകപ്പ് നിലനിര്‍ത്തുന്ന ഏക ടീമെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇന്ത്യ ഇതോടെ സ്വന്തം പേരില്‍ കുറിച്ചു.
വിജയമുറപ്പിച്ച നിമിഷം മുതല്‍ രാജ്യം ആഘോഷലഹരിയിലാണ്. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റ് മുതല്‍ തിരുവനന്തപുരത്തെ പാളയം വരെ ആരാധകര്‍ തെരുവിലിറങ്ങി. ത്രിവര്‍ണ്ണ പതാകകള്‍ വീശിയും പടക്കം പൊട്ടിച്ചും 'ഇന്ത്യ ഇന്ത്യ' വിളികളുമായി കായികപ്രേമികള്‍ ഈ ചരിത്രനിമിഷം അവിസ്മരണീയമാക്കി. അഹമ്മദാബാദിലെ തെരുവുകള്‍ ആരാധകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us