/sathyam/media/media_files/2026/02/22/untitled-2026-02-22-09-14-51.jpg)
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന സൂപ്പര്‍-8 പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങുന്നു.
തോല്‍വി അറിയാതെ എത്തുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഞായറാഴ്ച രാത്രി ഏറ്റുമുട്ടുമ്പോള്‍, അത് വെറുമൊരു മത്സരമല്ല; മറിച്ച് പ്രതികാരത്തിന്റെയും ആധിപത്യത്തിന്റെയും പോരാട്ടമാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീര്‍ ഓര്‍മ്മകള്‍ മണല്‍ത്തരികളില്‍ ഇന്നും അവശേഷിക്കുന്ന മൊട്ടേരയില്‍, മറ്റൊരു ലോകകപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യ ഇറങ്ങുകയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അപരാജിതരാണെങ്കിലും ചില പോരായ്മകള്‍ ടീമിനെ അലട്ടുന്നുണ്ട്. പ്രധാനമായും സ്പിന്നിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടാണ് ഏറ്റവും വലിയ വെല്ലുവിളി. അമേരിക്കയ്ക്കും നമീബിയയ്ക്കും പാകിസ്ഥാനു മെതിരെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര പതറിയിരുന്നു.
യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മയാണ് മറ്റൊരു തലവേദന. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും ടീം മാനേജ്മെന്റ് താരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. മധ്യനിരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ഇതുവരെ രക്ഷിച്ചത്.
ഇന്ത്യയ്ക്ക് മൊട്ടേര തോല്‍വിയുടെ ഓര്‍മ്മയാണെങ്കില്‍, ദക്ഷിണാഫ്രിക്കയ്ക്ക് ഇത് സ്വന്തം തട്ടകം പോലെയാണ്. ഈ ടൂര്‍ണമെന്റിലെ തങ്ങളുടെ ഭൂരിഭാഗം മത്സരങ്ങളും അവര്‍ കളിച്ചത് അഹമ്മദാബാദിലാണ്.
ഇവിടുത്തെ പിച്ചുകളുടെ സ്വഭാവം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കൃത്യമായി അറിയാം. ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ സ്ഥിരതയാര്‍ന്ന ബാറ്റിംഗും കേശവ് മഹാരാജിന്റെ സ്പിന്‍ കരുത്തുമാണ് അവരുടെ കരുത്ത്.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ 'മിസ്റ്ററി സ്പിന്നര്‍' വരുണ്‍ ചക്രവര്‍ത്തിയാണ് പ്രധാന ആയുധം. പരിക്കില്‍ നിന്ന് മോചിതനായി വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യന്‍ ബാറ്റര്‍മാരെ തളയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ശിവം ദുബെയുടെ പ്രകടനവും നിര്‍ണ്ണായകമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us