ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ചയും ലാഭവും രേഖപ്പെടുത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, July 26, 2021

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. നൂതനമായ ഉല്‍പ്പന്നങ്ങളുടെയും ശക്തമായ വിതരണ ശൃംഖലയുടെയും പുതിയ സാങ്കേതിക വിദ്യയുടെയും മികച്ച ഉപഭോക്തൃ സേവനത്തിന്റെയും പിന്തുണയോടെയാണ് നേട്ടം കൈവരിച്ചത്. പുതിയ ബിസിനസിന്റെ കാര്യത്തില്‍ കമ്പനി 14.7 ശതമാനം വിഹിതവുമായി ഈ പാദത്തില്‍ വിപണിയില്‍ മുന്‍പന്തിയില്‍ എത്തുകയും ചെയ്തു.

പുതിയ ബിസിനസുകളുടെ മൂല്യത്തില്‍ 78 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 358 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ പുതിയ ബിസിനസുകളുടെ പ്രീമിയത്തില്‍ 71 ശതമാനം വളര്‍ച്ചയോടെ 2,559 കോടി രൂപ രേഖപ്പെടുത്തി. ബിസിനസിലെ ശക്തമായ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

പകര്‍ച്ചവ്യാധിയുടെ സമയത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങളിലായിരുന്നു തങ്ങളുടെ ശ്രദ്ധ മുഴുവനെന്നും യഥാര്‍ത്ഥ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ പരിഹരിച്ചുവെന്നും, മൊത്തത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഉപഭോക്താവിന്റെ വിശ്വാസം കാത്ത് സൂക്ഷിച്ചുകൊണ്ടും ഉപഭോക്താവിനും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം നല്‍കി തങ്ങള്‍ മുന്നിലുണ്ടെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ പുതിയ ബിസിനസ് മൂല്യത്തിലെ വളര്‍ച്ച 78 ശതമാനവും പുതിയ ബിസിനസ് പ്രീമിയത്തിലെ വളര്‍ച്ച 71 ശതമാനവും കുറിച്ചത് ലാഭത്തിലും പ്രകടനത്തിലുമുള്ള മികവാണ് ചൂണ്ടിക്കാട്ടുന്നത്. കൈകാര്യം ചെയ്യുന്ന ഓഹരി ആസ്തികള്‍ 31% വര്‍ദ്ധിച്ച് ഇപ്പോള്‍ ഒരു ലക്ഷം കോടി രൂപയിലെത്തി. ക്ലെയിമുകള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള കഴിവിലൂടെയാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയതെന്ന് തങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു.

രണ്ടാം തരംഗത്തിലുണ്ടായ കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകളാണ് ആദ്യ പാദത്തില്‍ കൂടുതലും സെറ്റില്‍ ചെയ്തത്. ഭാവിയില്‍ കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ സെറ്റില്‍ ചെയ്യുന്നതിനായി 500 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. മൊത്തത്തില്‍ 2278 കോടി രൂപയുടെ ക്ലെയിമുകള്‍ സെറ്റില്‍ ചെയ്തു. സോള്‍വന്‍സി അനുപാതം 194 ശതമാനമാണ്. റെഗുലേറ്ററി ചട്ടമനുസരിച്ച് ആവശ്യമായ 150 ശതമാനത്തേക്കാള്‍ ഏറെയാണിത്. ഉപഭോക്താക്കളുടെ ക്ലെയിം സെറ്റില്‍ ചെയ്യുന്നതിലുള്ള കഴിവാണ് ഇത് സാക്ഷ്യപെടുത്തുന്നത്.

×