പ്രഥമ ഭാഷാ പ്രതിഭാ പുരസ്‌ക്കാരം ഐസിഫോസിന്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 21, 2020

തിരുവനന്തപുരം: ഭാഷാസാങ്കേതികവിദ്യാ മികവിന് മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഭാഷാപ്രതിഭാ പുരസ്‌ക്കാരം സ്വതന്ത്ര സോഫ്റ്റ് വെയര്‍ വികസന ഏജന്‍സിയായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപണ്‍ സോഫ്റ്റ് സോഴ്‌സ് സോഫ്റ്റ്‌വെയര്‍ (ഐസിഫോസ്) ഏറ്റുവാങ്ങി. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതില്‍ ഐസിഫോസ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

അയ്യങ്കാളി ഹാളില്‍ നടന്ന മലയാണ്മ-2020 ചടങ്ങില്‍ പുരസ്‌ക്കാരം ഐസിഫോസ് മേധാവിയും കേരള ഐടി പാര്‍ക്‌സ് സിഇഒയുമായ ശശി പി. എം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഇന്റര്‍നെറ്റിലും അനുബന്ധ സാങ്കേതികവിദ്യാ രംഗത്തും സമൂഹ മാധ്യമങ്ങളിലും മലയാളം അനായാസം ഉപയോഗിക്കാനും പ്രയോഗിക്കാനും സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഐസിഫോസ് വികസിപ്പിച്ചിട്ടുള്ളതെന്ന് ശശി പി എം പറഞ്ഞു.

കേരളത്തിലെ സ്വതന്ത്ര, ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ രംഗത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും  ഈ പരിശ്രമങ്ങളെ ആഗോള തലത്തിലെത്തിക്കുകയുമാണ് ഐസിഫോസ് ചെയ്യുന്നത്. മലയാളം കംപ്യൂട്ടിങ്, മെഷീന്‍ ട്രാന്‍സ്ലേഷന്‍, സ്വതന്ത്ര സോഫ്റ്റ് വെയര്‍ പരിശീലനം, ഗവേഷണം, ഭിന്നശേഷിക്കാര്‍ക്കുള്ള സാങ്കേതിക വിദ്യാ വികസനം തുടങ്ങി വിവിധ രംഗങ്ങളിലാണ് ഐസിഫോസ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

×