100 ദിന കര്‍മ്മ പരിപാടികളുമായി ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി

New Update

publive-image

Advertisment

തൊടുപുഴ: അസംബ്ലി തെരെഞ്ഞെടുപ്പിനു മുന്നോടിയായി 100 ദിവസ ടൈം ടേബിളുമായി
ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തൊടുപുഴ രീജീവ് ഭവനില്‍ എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ സാനിദ്ധ്യത്തില്‍ ചേര്‍ന്നു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകാതിരുന്ന സാഹചര്യത്തില്‍
കരുതലോടെ മുമ്പോട്ടു പോകാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയം
ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഒത്തു ചേര്‍ന്നത്.

താഴെത്തട്ടിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൂട്ടായി ചര്‍ച്ച നടത്തി പരിഹരിക്കാനും
തീരുമാനിച്ചു. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26-ന് ജില്ലയിലെ എല്ലാ ബൂത്തുകളിലും
വൈകുന്നേരം 4 മണിക്ക് ബൂത്ത് തല കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി ബൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളെ തെരഞ്ഞെടുക്കും.

എല്ലാ പ്രധാന നേതാക്കളും അവരവരുടെ ബൂത്തിലെ യോഗത്തില്‍ നിര്‍ബന്ധമായും
പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി
30-ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പദയാത്ര നടത്തുവാനും യോഗം തീരുമാനിച്ചു.

ഫെബ്രുവരി രണ്ടാം വാരം ഇടുക്കി ജില്ലയില്‍ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയുടെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇതൊടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും ലഘു ലേഖകളുമായി
പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും.

മുതിര്‍ന്ന നേതാക്കളുടെ യോഗം ഹൃദയം തുറന്ന ചര്‍ച്ചകള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ക്കും
വേദിയായി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയായിലുടേയുള്ള വിഴുപ്പലക്കുകളും
സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബൂത്ത്, മണ്ഡലം, ബ്ലോക്ക്,
ജില്ലാ തല കമറ്റികള്‍ കൂടുതല്‍ കാര്യക്ഷമത ഉള്ളവരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കും. എല്ലാ
തലങ്ങളിലും ചുമതലക്കാരേയും നിയമിക്കും. പോഷക സംഘടനകള്‍ക്കെല്ലാം പ്രത്യേകം ചുമതല നല്‍കാനും 100 ദിന കര്‍മ്മ പരിപാടികളില്‍ അവരെ ഉള്‍പ്പെടുത്തുവാനും തീരുമാനിച്ചു.

ഡിസിസി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ പൗലോസ്, അഡ്വ. ടോമി കല്ലാനി, അഡ്വ. എസ് അശോകന്‍, അഡ്വ. ഇഎം ആഗസ്തി, അഡ്വ. ജോയി തോമസ്, തോമസ് രാജന്‍, നാട്ടകം സുരേഷ്, എകെ മണി, സിപി മാത്യു, ആര്‍ ബാലന്‍പിള്ള, ശ്രീമന്ദിരം ശശികുമാര്‍, എപി ഉസ്മാന്‍, ടി ജി ഗോപാലകൃഷ്ണ കൈമള്‍, സിപി കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

idukki news
Advertisment