റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ ശമ്പളം മുവ്വായിരം റിയാലില്‍ നിന്ന് നാലായിരം റിയാലാക്കി മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയുടെ നിര്‍ദേശം അഞ്ചുമാസത്തിന് ശേഷം നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ വിപണിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വദേശി പൗരന്മാരുടെ തൊഴില്‍ നിലമെച്ചപ്പെടുത്താനുള്ള ഈ തീരുമാനം എടുത്തെതെന്നു മന്ത്രാലയം വക്താവ് നാസര്‍ അല്‍ഹസാനി അറിയിച്ചു.
കൂടുതല്‍ ശമ്പളം ലഭിക്കുന്നതോടെ സ്വകാര്യമേഖലയിലേക്ക് നിരവധി സൗദികളെ ആകര്‍ഷിക്കാന്‍ കഴിയും. തൊഴിലുടമകളും ജീവനക്കാരും ഇക്കാര്യത്തോട് അനുകൂലമായാണ് പ്രതികരിച്ചിരി ക്കുന്നതെന്നും അഞ്ചുമാസത്തിന് ശേഷം എല്ലാ കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം നാലായിരമോ അതിന് മുകളിലോ ആക്കി ഭേദഗതി ചെയ്യണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു .
നിതാഖാത്തില്‍ സ്വദേശി അനുപാതം പരിഗണിക്കണമെങ്കില്‍ സൗദികളുടെ ശമ്പളം നാലായിരം റിയാലാക്കി ഉയര്‍ത്തണമെന്ന് മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് പുതിയ നിബന്ധനകള്‍ മന്ത്രാലയം പുറത്തുവിട്ടത്
3,000 റിയാൽ പ്രതിമാസ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തിൽ അര സൗദി ജീവനക്കാരനു തുല്യമായാണ് കണക്കാക്കുക. 3,000 റിയാലിൽ കുറവ് വേതനമുള്ള സ്വദേശി ജീവനക്കാരനെ നിതാഖാത്ത് പ്രകാരം സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുന്നതിൽ പരിഗണിക്കുകയില്ല. 3,000 റിയാല്‍ മുതൽ 4,000 റിയാലിൽ കുറവു വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെയും അര ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക.
പാർട്ട് ടൈം അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശിയെ അര ജീവനക്കാരന് തുല്യമായി സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കും. ഇതിന് മിനിമം 3,000 റിയാൽ വേതനത്തോടെ പാർട്ട് ടൈം ജീവനക്കാരനെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത് അതിനനുസരിച്ച വരിസംഖ്യ അടക്കണമെന്ന് വ്യവസ്ഥയുണ്ട്.
പുതിയ തിരുമാനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം വേതനം ഉയർത്താൻ സ്വകാര്യ സ്ഥാപനങ്ങളെ നിർബന്ധിതമാക്കും.ഇതോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവില്‍ ഉള്ള ചെറിയ പ്രതിസന്ധി വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് പറയുന്നവരും കുറവല്ല.