ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് വിമാനം ഇന്ന് കോഴിക്കോട്ടേക്ക് പറന്നുയരുന്നു..

ന്യൂസ് ബ്യൂറോ, ഖത്തര്‍
Saturday, July 4, 2020

ദോഹ: കോവിഡ് കാല പ്രതിസന്ധിയിൽ സാമ്പത്തിക പരാതീനതകൾ മൂലം ദുരിതമനുഭവിച്ചിരുന്ന വൃദ്ധരും, രോഗികളും, കുട്ടികളും, ഗർഭിണികളും അടങ്ങുന്ന 180 ഓളം പേർക്ക്, തികച്ചും സൗജന്യമായി നാടണയാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി.

മൂവായിരത്തിൽ പരം രജിസ്ട്രേഷനുകൾ ലഭിച്ചതിൽ നിന്ന് സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ച് തികച്ചും അർഹരായവരെന്ന് ഉറപ്പു വരുത്തിയാണ്, യാത്രക്കാരെ തിരഞ്ഞെടുത്തതെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി അറിയിച്ചു.

ശനിയാഴ്ച രാവിലെ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ സൗജന്യ ചാർട്ടേർഡ് ഫ്ലൈറ്റ് ഇൻഡിഗോ-1981 ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും പറന്നുയരുമ്പോൾ, പ്രവാസി സംഘടനകളിൽ ആദ്യത്തെ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് ഓപറേറ്റ് ചെയ്ത് ചരിത്രം രചിച്ച ഇൻകാസ് ഖത്തറിന് വീണ്ടും അഭിമാന മുഹൂർത്തമാണ് ഇതെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല പറഞ്ഞു.

ഈ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർ തികച്ചും അർഹരാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും, കോവിഡ് കാലഘട്ടത്തിൽ തൻ്റെ സഹപ്രവർത്തകരുടെ സഹകരണത്തോട് കൂടി ഒരു പാട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ സാധിച്ചുവെന്നും, ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിന് കരുതലായ് എന്നും ഇൻകാസ് ഖത്തർ കുടയുണ്ടാകുമെന്നും സമീർ ഏറാമല കൂട്ടി ചേർത്തു.

ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് വിമാനത്തിൻ്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ ആവേശത്തിലായിരുന്ന ഇൻകാസ് ഖത്തർ ഭാരവാഹികളും പ്രവർത്തകരും വിമാനത്തിലെ യാത്രക്കാർക്ക്, പി പി ഇ കിറ്റ് ഉൾപ്പടെ മറ്റു അവശ്യ വസ്തുക്കളും സൗജന്യമായി ഒരുക്കിയിട്ടുണ്ടെന്നും ഇതിന് തുണയായ് തങ്ങളോടൊപ്പം നിന്ന എല്ലാ നല്ല മനസ്സുകൾക്കുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

×