കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ നടന്ന സംഘര്‍ഷത്തിന്റെയും കൊള്ളിവെയ്പ്പിന്റെയും പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 144 പ്രഖ്യാപിച്ച ഇടങ്ങളില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രകള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
/sathyam/media/post_attachments/6k4GzQBqCN2JIZhImLCj.jpg)
ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഹൗറയിലും ഹൂഗ്ലിയിലും ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ നേതാക്കള്‍ പ്രകോപനരമായ പ്രസ്താവനകള്‍ നടത്തരുത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഹൂഗ്ലിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. റിഷ്‌റയില്‍ ബിജെപി സംഘടിപ്പിച്ച ഘോഷയാത്രയും സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇരു വിഭാഗങ്ങള്‍ സംഘടിച്ച് പരസ്പരം കല്ലേറ് നടത്തി. ബിജെപി എംഎല്‍എ ബിമന്‍ ഘോഷിനടക്കം കല്ലേറില്‍ പരിക്കേറ്റു.