ബാംഗ്ലൂർ : കന്നഡ സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത് ലഭിച്ചതായി റിപ്പോർട്ട്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഭീഷണിക്കത്ത് ലഭിച്ചത് എന്നതാണ് ശ്രദ്ധേയമാകുന്നത്.
സുദീപിന്‍റെ വീട്ടിലേക്കാണ് വധഭീഷണിയുമായി അജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിച്ച സുദീപിനൊപ്പം കന്നഡ സിനിമയിലെ മറ്റൊരു താരമായ ദര്‍ശന്‍ തുഗുദീപയും പാര്‍ട്ടിയിലേക്ക് എത്തുകയാണെന്നും ഇരുവരും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിച്ച സുദീപിന്‍റെ വലിയ ആരാധകവൃന്ദത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്വാധീനിക്കാന്‍ ആണ് ബിജെപി നീക്കം.
ഫെബ്രുവരി മാസത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡി കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കിച്ച സുദീപും ശിവകുമാറുമായി അടുത്ത വൃത്തങ്ങളും പിന്നാലെ സ്ഥിരീകരിച്ചിരുന്നു.