തിരുവനന്തപുരം :എലത്തൂർ ട്രെയിൻ തീവയ്പ് കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.
/sathyam/media/post_attachments/whY6bVM85Kjb6ClJGPsK.jpg)
കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ പിടികൂടാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിരുന്നു. അവർ പ്രതിയെ പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. അതിന്റേതായ സമയം വരുമ്പോൾ കേന്ദ്രസർക്കാർ നിലപാടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഏജൻസികൾ അന്വേഷണ പുരോഗതി പുറത്തുവിടാറില്ല. അങ്ങനെ ചെയ്യുന്നത് കേസിലെ മറ്റ് പ്രതികൾക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിനിലെ തീവയ്പ് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് റെയിൽവേ ട്രാക്കിൽ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആക്രമണം നടത്തിയ ശേഷം പ്രതി കേരളം വിട്ടുപോകാനുള്ള സാഹചര്യവുമുണ്ടായി. കേരളത്തിലെ പൊലീസ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.