നോയിഡ : നോയിഡയിൽ പബ്ബിലെ ഡി ജെ പാർട്ടിയ്ക്കിടെ രാമായണ സീരിയലിലെ ദൃശ്യങ്ങൾ ഡബ് ചെയ്ത് പ്രദർശിപ്പിച്ചതിന് രണ്ടുപേർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 38ൽ ഗാർഡൻസ് ഗലേറിയ മാളിൽ പ്രവർത്തിക്കുന്ന ലോർഡ് ഒഫ് ഡ്രിങ്ക്സ് പബ്ബിന്റെ ഉടമയും മാനേജറുമാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/kxfEmp3UIlxxJkvUDaPE.jpg)
മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതവളർത്തിയതിനുമാണ് നോയിഡ പൊലീസ് സ്വമേധയ കേസെടുത്തത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
സീരിയലിലെ യഥാർത്ഥ സംഭാഷണം മാറ്റി ഡബ് ചെയ്ത് ചേർത്ത് പാട്ടിനൊപ്പം ഡി ജെക്കിടെ പ്രദർശിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് നോയിഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പബ്ബിന്റെ ഉടമ മനാക് ചൗധരിയും മാനേജർ അഭിഷേകുമാണ് അറസ്റ്റിലായത്. മനാക് ചൗധരിയുടെ ഭാര്യയും പബ്ബിന്റെ മറ്റൊരു ഉടമയുമായ പൂജാ ചൗധരിയെ ചോദ്യം ചെയ്തിരുന്നു. കേസിൽ ഡി ജെയേയും പ്രതിചേർത്തിട്ടുണ്ട്. നിലവിൽ ചെന്നെെയിലുള്ള ഡി ജെയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഡി ജെയുടെ പ്ലേ ലിസ്റ്റിൽ വീഡിയോ ഉണ്ടായിരുന്നതായി അറിഞ്ഞിട്ടും മാനേജർ തടഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.