മുംബൈ : 21കാരിയായ മെഡിക്കൽ വിദ്യാർഥിനിയെ കൊന്ന് കടലിൽ തള്ളിയ വിവാദമായ കേസിൽ മുംബൈ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. സംഭവം നടന്ന് ഒന്നര വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 100 ഓളം സാക്ഷികളെ വിസ്തരിച്ച് 1,750 പേജുള്ള കുറ്റപത്രമാണ് മുംബൈ ക്രൈം ബ്രാഞ്ച് യൂനിറ്റ്-9 സമർപ്പിച്ചിരിക്കുന്നത്.
/sathyam/media/post_attachments/x49vWelnn04mgUkesSrU.jpg)
ബാന്ദ്ര ബാൻഡ്സ്റ്റാൻഡ് ബീച്ചിൽ വെച്ചാണ് വിദ്യാർഥിനിയും പ്രതി മിത്തു സിങ്ങും കണ്ടുമുട്ടിയത്. ഇരുവരും പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇരുവരും പുലർച്ചെ വരെ സംസാരിച്ച് ഇവിടെ സമയം ചെലവഴിച്ചു. പുലർച്ചെ 3.45 വരെ ഇരുവും ഒന്നിച്ച് ബീച്ചിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ മിത്തു സിങ് യുവതിയോട് അപമര്യാദയായി പെരുമാറി. ലൈംഗികാവശ്യം ഉന്നയിച്ചെങ്കിലും യുവതി വിസമ്മതിച്ചു. രോഷാകുലനായ ഇയാൾ യുവതിയെ തള്ളി വീഴ്ത്തി. പാറക്കെട്ടിൽ തലയിടിച്ച് വീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇതോടെ ഇവിടെ നിന്നും ഓടിപ്പോയ ഇയാൾ പിന്നീട് ഇവിടെ തിരിച്ചെത്തി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഇയാൾ ആശുപത്രിയിലെത്തിച്ചില്ല. തുടർന്ന് യുവതിയെ വലിച്ചുകൊണ്ടുപോയി കടലിൽ തള്ളുകയായിരുന്നു. ലൈഫ്ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള മിത്തു സിങ്ങിന് കടലിൽ വീണാൽ മൃതദേഹം കരയിൽ അടുക്കാത്ത ഭാഗങ്ങൾ അറിയാമായിരുന്നു -പൊലീസ് പറയുന്നു.
വിദ്യാർഥിനിയെ കാണാനില്ലെന്ന പരാതിയിൽ തുടക്കത്തിൽ ഒരു തട്ടിക്കൊണ്ടുപോകൽ എന്ന രീതിയിൽ ആണ് കേസെടുത്തിരുന്നത്. ബാന്ദ്ര പൊലീസ് 18 ദിവസത്തോളം കേസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കുറിച്ച് വിവരം ഒന്നും കിട്ടിയിരുന്നില്ല. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന്റെ യൂനിറ്റ് 09ലേക്ക് മാറ്റുകയായിരുന്നു. ജനുവരി 12നാണ് പ്രതി പിടിയിലായത്. തെളിവ് നശിപ്പിക്കാൻ സഹായിച്ചതിന് ഇയാളുടെ സുഹൃത്തും അറസ്റ്റിലായി. മിത്തു സിങ്ങിന്‍റെ കുടുംബം കസ്റ്റഡി പീഡനം ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.