/sathyam/media/post_attachments/n0ILIOEsIv1ragfl6zps.jpg)
പട്ടാമ്പി: ജാലവിദ്യകളിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വിസ്മയകാഴ്ചകളൊരുക്കുന്ന യുവ മാന്ത്രികൻ ആനന്ദ് മേഴത്തൂരാണ് (മേഴത്തൂർ മായാവി)തന്റെ പുതിയ ഇന്ദ്രജാലത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം നേടിയത്.
കണ്ണുകൾ മൂടിക്കെട്ടികൊണ്ട് ഒരു മിനിറ്റിൽ ഏറ്റവും അധികം മാജിക്കുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രകടനമാണ് ആനന്ദിനെ റെക്കോർഡിനു അർഹനാക്കിയത്. പ്രത്യക്ഷപ്പെടുത്തുകയും അപ്രത്യക്ഷമാക്കുകയും രൂപമാറ്റം വരുത്തുകയും തുടങ്ങി ഒരു മിനിറ്റ് കൊണ്ട് പതിമൂന്നു മാജിക്കുകളാണ് അരങ്ങത്ത് അവതരിപ്പിച്ചത്.
അടുത്ത മാസം തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ നടക്കുന്ന ചടങ്ങിൽ ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തിൽ ആനന്ദ് അവാർഡ് ഏറ്റു വാങ്ങും.
അദ്ദേഹത്തോടൊപ്പം ദേശസ്നേഹ സന്ദേശ ജാലവിദ്യകളുമായി റോഡ് മാർഗം ഭാരത പര്യടനവും ഇരുപത്തിയഞ്ചോളം ലോകരാഷ്ട്രങ്ങളിൽ ജാലവിദ്യകളുമായി പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റി യുടെ മാജിക് ഡിപ്ലോമ കോഴ്‌സ് ഫസ്റ്റ് ക്ലാസ്സോടുകൂടി പാസ്സായ ആനന്ദ് ഇപ്പോൾ മെന്റലിസം പ്രോഗ്രാമുകൾ ആണ് സ്പെഷ്യലൈസ് ചെയ്യുന്നത്.
രാജ്യത്തിനു വേണ്ടി പോരാടി ജീവത്യാഗം വരിച്ച ധീരജവാന്മാർക്കു പ്രണാമം അർപ്പിക്കുന്ന 'വന്ദേഭാരതം' അക്ഷരങ്ങൾ അഗ്നിയാണെന്നും അറിവില്ലായ്മയുടെ അപകട വശങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുന്ന 'അക്ഷരാജാലം' ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച 17 വാർഡുകളിലെ വിജയികളെയും അവർക്കു ലഭിക്കുന്ന ഭൂരിപക്ഷവും നേരത്തെ പ്രവചിക്കുകയും ചെയ്ത ഇന്ദ്രജാലം, വാഹനയാത്രക്കാരുടെ അകക്കണ്ണു തുറപ്പിക്കാൻ രണ്ടു കണ്ണുകളും മൂടികെട്ടികൊണ്ടു വാഹനമോടിക്കുന്ന 'ബ്ലൈൻഡ്‌ഫോൾഡ് ആക്റ്റ്' എന്നപരിപാടി, തുടങ്ങി വിജയകരമായി നടത്തിയ ഒട്ടേറെ സന്ദേശ പ്രചാരണ മാന്ത്രിക വിസ്മയങ്ങൾ ആനന്ദിനെ മുമ്പും ശ്രദ്ധേയനാക്കിയിട്ടുണ്ട്.