മുസ്ലിം നേതാക്കളുടെ നിശ്ചയ ദാര്‍ഢ്യമില്ലായ്മ മുസ്ലിം വിരുദ്ധർ മുതലെടുക്കുന്നു - കെകെ അബ്ദുൽ മജീദ് ഖാസിമി

New Update

publive-image

റിയാദ്: ഇസ്ലാം വിരുദ്ധതയും പ്രവാചകനിന്ദയും ലോകത്ത് നടമാടുമ്പോൾ പ്രതികരിക്കുന്നതിന് പകരം മുസ്ലിം വിരുദ്ധരുടെ അജണ്ടകൾക്ക് വളം ഇട്ട് കൊടുക്കുന്ന സമീപനമാണ് ചില മുസ്ലിം നേതാക്കൾ സ്വീകരിച്ചു പോരുന്നതെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കേരള വൈസ് പ്രസിഡൻറ് കെകെ അബ്ദുൽ മജീദ് ഖാസിമി.

Advertisment

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റർ സംഘടിപ്പിച്ച പ്രിയപ്പെട്ട നബി വെബ്നർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമോഫോബിയയും, പ്രയാസവും നിറഞ്ഞ ഈ ഘട്ടത്തിൽ പ്രവാചകന്റെ ജീവിതം വിശ്വാസികൾക്ക് ശുഭാപ്തി വിശ്വാസം നൽകുന്നതാണ്.

പ്രതിസന്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും വളർന്ന പ്രവാചകൻ നിശ്ചയദാർഡ്യത്തോടെയായിരുന്നു അനുയായികളെ നയിച്ചത്.

ഇന്ന് ലോകത്ത് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഇസ്ലാമിന്റെ വളർച്ചയുടെ തുടക്കം ഏറെ പ്രയാസത്തിലൂടെയായിരുന്നുവെന്ന് ചരിത്ര രേഖകൾ സാക്ഷിയാണ്.

ചരിത്രത്തിൽ ഉജ്ജ്വല സ്വാധീനം നേടികൊണ്ട് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രപഥങ്ങളെ മാറ്റിമറിച്ച ഇസ്ലാമിന്റെ പ്രയാണം പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോയത് ധീരമായ നിലപാട് സ്വീകരിച്ചത് കൊണ്ടുമാണ്.

പ്രവാചകൻ കാട്ടി തന്ന വഴിയിലൂടെ സഞ്ചരിക്കണം എന്നാഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രതിസന്ധിയിലോ പ്രയാസങ്ങളിലോ തളരാതെ മുന്നോട്ട് പോകുന്നവനായിരിക്കും.

വിമർശനങ്ങളേയും പ്രയാസങ്ങളേയും നിസ്സംഗമായി നോക്കി നിൽക്കാനല്ല പ്രവാചകൻ അനുയായികളെ പഠിപ്പിച്ചത്. ശക്തമായി നേരിടാൻ തന്നെയാണ്.

പ്രവാചകനിന്ദ പ്രവാചകൻ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല പ്രവാചകന് ശേഷവും അനുസ്യൂതം തുടരുന്നു എന്നതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ഫ്രാൻസിൽ നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്.

ആവിഷ്കാരസ്വാതന്ത്യം മറയാക്കി മഹദ് വ്യക്തിത്വങ്ങളെ അവഹേളിക്കുന്നത് നീതീകരിക്കാൻ സാധ്യമല്ല. ദൗർഭാഗ്യകരമെന്നു പറയട്ടെ വർത്തമാന ഇന്ത്യയിൽ ഇസ്ലാമിനെ എതിർക്കുന്നവരുമായി കാര്യലാഭത്തിന് വേണ്ടി സമരസപ്പെട്ട് ഇസ്ലാമിനെ ഒറ്റികൊടുക്കുന്ന ചില കപട പണ്ഡിതവേഷധാരികർ പ്രവാചകചര്യ കൃത്യമായി മനസ്സിലാക്കാത്തവരാണ്.

സംഘപരിവാര്‍ നേതാക്കളുമായി വേദി പങ്കിടുന്നതും അവരുമായി ചങ്ങാത്തം കൂടുന്നതും ഇതിന് തെളിവാണ്.

ഫാസിസ്റ്റ് ഭരണം കയ്യാളുന്ന ഇന്ത്യയിലെ ചില മുസ്ലിം പണ്ഡിതന്മാർ പലതും ഭയപ്പെട്ട് കൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ പ്രവാചകൻ പകർന്ന് തന്ന ശുഭപ്രതീക്ഷയാണ് നാം കൈമുതലാക്കേണ്ടത്. ആ പ്രിയപ്പെട്ട നബിയോടുള്ള സ്നേഹത്തിനാലും ചിന്തയിലുമായിരിക്കണം നാം ജീവിതം മുന്നോട്ട് കൊണ്ടു പേകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അൻസാർ ആലപ്പുഴ, സെക്രട്ടറി സൈതലവി ചുള്ളിയൻ, എക്സിക്യുട്ടീവ് അംഗം അഫ്സൽ കൊല്ലം എന്നിവർ സംസാരിച്ചു.

riyadh news
Advertisment