ചെന്നൈ: വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നിട്ടും തമിഴ് നടൻ ശിവകാർത്തികേയനെ വോട്ട് ചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സത്യബ്രത സാഹു.
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന തമിഴ്നാട്ടിലെ വൽസരവാക്കം ഗുഡ് ഷെപ്പേർഡ് സ്കൂളിലെ പോളിങ് ബൂത്തിലാണ് ശിവകാർത്തികേയനും ഭാര്യ ആരതിയും വോട്ട് ചെയ്യാനായെത്തിയത്. ഇരുവരും പോളിങ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ ശിവകാർത്തികേയന്റെ പേരില്ലെന്ന വിവരമറിയുന്നത്. എന്നാൽ വോട്ടർ പട്ടികയിൽ ആരതിയുടെ പേരുണ്ടായിരുന്നു.
തുടർന്ന് ശിവകാർത്തികേയൻ പോളിങ് ബൂത്തിൽനിന്ന് മടങ്ങിയെങ്കിലും ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തി വോട്ടു ചെയ്യുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷിയടയാളം പതിച്ച് ചൂണ്ടുവിരലിന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 'വോട്ട് ചെയ്യുക എന്നത് അവകാശമാണ്, അവകാശത്തിനായി പോരാടുക' എന്ന അടിക്കുറിപ്പോടുകൂടിയാണ് ശിവകാർത്തികേയന്‍ ചിത്രം പങ്കുവച്ചത്.
അതേസമയം പ്രത്യേക അനുമതിയോടെ താരം ടെൻഡർ വോട്ട് ചെയ്യുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലാതെ ടെൻഡർ വോട്ട് ചെയ്യാനാകില്ല. ചെന്നൈയിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിരവധി ആളുകളാണ് പോളിങ് ബൂത്തിൽനിന്ന് വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. അതുകൊണ്ട് സിനിമാതാരങ്ങൾക്ക് പ്രത്യേക പരിഗണന നൽകി വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ശക്തമാണ്.