ഇന്ത്യൻ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നു; ജിദ്ദയിലെ കേന്ദ്രം ജൂൺ മൂന്നിനും യാമ്പു, അബഹ, തബൂക്ക് എന്നിവിടങ്ങളിലേത് ഏഴിനും തുടങ്ങും; മുൻകൂട്ടിയുള്ള രജിസ്‌ട്രേഷനും സമയം വാങ്ങലും നിർബന്ധം.

New Update

ജിദ്ദ: സൗദി അറേബ്യ പടിപടിയായി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി കൊണ്ടിരിക്കേ, കൊറോണാ മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവെച്ച ഇന്ത്യൻ പാസ്പോര്ട്ട് സേവാകേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നു. രാജ്യത്തെ കർഫ്യുവിൽ ഇളവ് വരുത്തുന്നതോടെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളും വീണ്ടും തുടങ്ങുകയാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ജിദ്ദ, യാമ്പു, ഖമീസ് മുശൈത്ത്, തബൂക് എന്നിവിടങ്ങളിലുള്ള വി എഫ് എസ് ഗ്ലോബൽ ഇന്ത്യൻ പാസ്പോര്ട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്ന തീയതികൾ കോൺസുലേറ്റ് പുറത്തുവിട്ടു.

Advertisment

publive-image

ജിദ്ദയിലെ കേന്ദ്രം (വിലാസം: ഹായിൽ സ്ട്രീറ്റിൽ ബമറൂഫ് പെട്രോൾ പമ്പിന് സമീപം) ജൂൺ മൂന്നു മുതലാണ് പ്രവർത്തിക്കുക. പടിഞ്ഞാറൻ പ്രവിശ്യയിൽ തന്നെയുള്ള യാമ്പു (വിലാസം: കിംഗ് അബ്ദുൽ അസീസ് റോഡിലെ ഹിഗി സെന്റർ), തെക്കൻ പ്രവിശ്യയിലെ അബഹ (വിലാസം: ഖമീസ് മുശൈത്ത് കിംഗ് സൗദ് സ്ട്രീറ്റ്), വടക്കൻ പ്രവിശ്യയിലെ തബൂക്ക് (വിലാസം: അബൂബക്കർ മസ്ജിദിന് സമീപം) എന്നിവിടങ്ങളിലെ പാസ്പോര്ട്ട് കേന്ദ്രങ്ങൾ ജൂൺ ഏഴു മുതലാണ് പ്രവർത്തിച്ചു തുടങ്ങുക.

ഇതിനകം തന്നെ പാസ്പോർട്ട് കാലാവധി തീർന്നവർ, ചുരുങ്ങിയ കാലത്തിനുള്ളിൽ കാലാവധി തീരുന്നവർ, ഇഖാമ പുതുക്കാനോ യാത്ര ചെയ്യാനോ മറ്റോ വേണ്ടി പാസ്പോർട്ട് പുതുക്കേണ്ടതായി വന്നിട്ടുള്ളവർ എന്നിവർക്ക് മാത്രമാണ് തുടക്കത്തിൽ സർവീസുകൾ ലഭ്യമാവുക. തിരക്ക് കുറക്കുന്നതിെൻറ ഭാഗമായി നേരത്തെ രജിസ്റ്റർ ചെയ്ത് അപ്പോയിൻമെൻറ് എടുത്തവർക്കു മാത്രമായിരിക്കും പാസ്പോര്ട്ട് കേന്ദ്രങ്ങളിലെ സേവനങ്ങൾ. ഇതിനായി info.injeddah@vfshelpline.com എന്ന ഇമെയിൽ മുഖേനയോ 920006139 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടണം.

ഇങ്ങിനെ നേരത്തേ എടുക്കുന്ന അപ്പോയ്ന്റ്മെന്റ് പ്രകാരമുള്ള സമയം അനുസരിച്ച് അതാത് അപേക്ഷകന് മാത്രമായിരിക്കും കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം. രണ്ടാഴ്ചകൾക്ക് മുമ്പ്, ജിദ്ദാ കോൺസുലേറ്റിൽ അടിയന്തര പാസ്പോര്ട്ട് സേവനം തുടങ്ങിയപ്പോൾ സൗദി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ വകവെക്കാതെയുള്ള തിക്കും തിരക്കും ഉണ്ടാവുകയും ഉടൻ പ്രവർത്തനം വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു.

എല്ലാ ഓഫീസുകളുടെയും പ്രവർത്തി സമയം രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും. മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ തുടങ്ങിയ കൊറോണാ പ്രതിരോധ നടപടികൾ പാസ്പോര്ട്ട് കേന്ദ്രങ്ങളിൽ എത്തുന്നവർ പാലിച്ചിരിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു. സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി അധികൃതരിൽ നിന്ന് കനത്ത പിഴ നേരിടേണ്ടി വരുമെന്നും അതിന് അവരവർ മാത്രമായിരിക്കും ഉത്തരവാദിയാവുകയെന്നും കോൺസുലേറ്റ് പ്രസ്താവന തുടർന്നു.

Advertisment