"പത്രപ്രവർത്തകനെയും സാമൂഹ്യ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് യു പിയിൽ സ്വേച്ഛാധിപത്യം ഉറപ്പിക്കുന്നു": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: ഉത്തർപ്രദേശ് സംസ്ഥാനം യോഗിയുടെ ഭരണത്തിൽ സ്വേച്ഛാധിപത്യത്തിന്റെ പിടിയിലമർന്നിരിക്കുകയാണെന്നും നീതിനിഷേധം അതിന്റെ പാരമ്യത്തിലാണെന്നും തെളിയിക്കുന്നതാണ് ഹത്രാസിലെ സംഭവത്തിന് ശേഷം വ്യക്തമായിട്ടുള്ളതെന്നു ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി കുറ്റപ്പെടുത്തി.

Advertisment

publive-image

നീതി നിഷേധത്തിനെതിരെ പോരാടുന്നവരെ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കരിനിയമങ്ങൾ ചേർത്ത് തുറുങ്കിലടക്കുകയും, ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും പോലീസ് സേനയെ ഉപയോഗിച്ച അടിച്ചമർത്തുകയാണ്. ഹിന്ദുത്വ വരേണ്യ വർഗം ബലാത്സംഗത്തിനും പീഡനത്തിനുമിരയാക്കി ഹത്രാസിലെ പത്തൊമ്പതു കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതിൽ യോഗി ആദിത്യനാഥ് എന്ന സ്വേച്ഛാധിപതിയുടെ മൂർത്തരൂപം പുറത്തു വന്നിരിക്കുകയാണ്.

ദളിതുകൾക്കും മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്കുമെതിരെയുള്ള നരനായാട്ട് പുതിയതല്ല. മറിച്ച്‌ യോഗിയുടെ വരവോടെ പീഡന മുറയ്ക്ക് രാക്ഷസരൂപം പൂണ്ടിരിക്കുകയാണ്. അതേ സമയം കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഭരണകൂടത്തിന്റെയും പോലീസിന്റെയും കടുത്ത ഭീഷണിക്ക് മുമ്പിൽ ഭയവിഹ്വലരായി നിൽക്കുകയാണ്. ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ മലയാളി പത്രപ്രവർത്തകനും കെ.യു.ഡബ്ള്യു.ജെ. സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ട്രഷറർ അതീഖു റഹ്‌മാൻ, സാമൂഹ്യ പ്രവർത്തകരായ മസൂദ് അഹ്‌മദ്‌, ആലം എന്നിവരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും യോഗം കുറ്റപ്പെടുത്തി. അവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും മറ്റും പിടിച്ചെടുത്തതായുള്ള പോലീസ് ഭാഷ്യമാണ് കൗതുകകരം.

ഹിന്ദുത്വ ഭരണകൂടത്തിന്റെ ധാർഷ്ട്യമാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തെ പോലും സംഭവ സ്ഥലത്തേക്ക് പോകാനനുവദിക്കാതെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നത്.
മോഡി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ നിഷേധത്തിനെതിരെ നടന്ന പ്രതിഷേധസമരങ്ങളിൽ ഇവർ പങ്കെടുതിരുന്നു എന്നതാണ് ഭരണകൂടവും പോലീസും ആരോപിക്കുന്ന മറ്റൊരു കുറ്റം. ഭരണകൂട ഭീകരതയിൽ ഞെരിഞ്ഞമരുന്ന ദളിതരുടെയും മറ്റു അടിസ്ഥാന ജനവിഭാഗങ്ങളുടെയും അവസ്ഥയും, മനുഷ്യാവകാശ ലംഘനങ്ങളും പുറം ലോകമറിയുന്നത് വരേണ്യ വർഗ്ഗം ഭയപ്പെടുകയാണ്.

അതിനാലാണ് ഹത്രാസിലെ ദളിത് പീഡനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ പുറപ്പെട്ട പ്രതിപക്ഷ നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും നിയമവിരുദ്ധമായി തടഞ്ഞതും ഗൂഡാലോചനയും രാജ്യദ്രോഹക്കുറ്റവും ചുമത്തി അറസ്റ്റു ചെയ്തതും. പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന ഹിന്ദുത്വ വർഗീയ വാദികളെ രക്ഷിക്കാനാണ് മുൻ സംഭവങ്ങളിലേതെന്ന പോലെ ഫാഷിസ്റ്റ് ഭരണകൂടം പ്രവർത്തിക്കുന്നത്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് അവസാന നോക്കുകാണാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ വിട്ടുകൊടുക്കാതെ പോലീസിനെ ഉപയോഗിച്ച് ബലമായി കൊണ്ടുപോയി കത്തിച്ചു കളഞ്ഞതും യോഗി ഭരണകൂടത്തിന്റെ വികൃതമായ മുഖമാണ് വെളിവാക്കുന്നത്.

അന്യായമായി ജയിലിലടച്ച പത്രപ്രവർത്തകനടക്കമുള്ള യുവാക്കളെ മോചിപ്പിക്കണമെന്നും
സോഷ്യൽ ഫോറം നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, അഷ്‌റഫ് പുത്തൂർ, നസ്മുൽ ഇസ്ലാം ചൗധരി (ദമ്മാം), മുഹമ്മദ് ഹാരിസ്, ബഷീർ കാരന്തൂർ (റിയാദ്), ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), ഹനീഫ ചാലിപ്പുറം, മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment