ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച മുന്നണികളുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ വർഗീയ കക്ഷികൾ മുതലെടുക്കുന്നു - ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്കോളർഷിപ്പ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കള്ളക്കണക്കുക്കൾ പടച്ചുവിട്ട്, സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഗൂഢ ശക്തികൾക്ക് വളം വെച്ചു കൊടുക്കുന്ന വഞ്ചനാപരമായ സമീപനമാണ് ഇരു മുന്നണികളും നാളിതുവരെ തുടർന്ന് പോന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.

സാമൂഹ്യമായി പിന്നാക്കം നിൽക്കുകയും അതോടൊപ്പം എല്ലാ സർക്കാരുകളുടെ കാലത്തും അധികാര സ്ഥാനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കുന്ന ഉപജാപക സംഘങ്ങളുടെ കുടിലതന്ത്രങ്ങളാൽ അരികുവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ എക്കാലത്തും പടിക്കു പുറത്തു നിർത്തുന്ന ഫാഷിസ്റ്റ് തന്ത്രം തീർത്തും അപലപനീയമാണ്.

ഇന്ത്യയിലെ നൂറ്റിമുപ്പതു കോടിയിലധികം വരുന്ന ജനങ്ങളിൽ ബഹുഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളാണ്. എന്നാൽ ജനസംഖ്യയിൽ വളരെ കുറച്ചു മാത്രമുള്ള സവർണ്ണ വിഭാഗങ്ങളാണ് ഉദ്യോഗ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ഭൂരിഭാഗം പദവികളും സ്ഥാനങ്ങളും കയ്യടക്കി വെച്ചിരിക്കുന്നത്.

അതേ സമയം ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ച കഴിഞ്ഞ പത്തു വർഷക്കാലയളവിൽ മാത്രം സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ സ്കോളർഷിപ്പ് തുകയിൽ മൂന്നിലൊരു ഭാഗം വിതരണം ചെയ്യാതെയും വിനിയോഗിക്കാതെയും പാഴാക്കിയതായി വ്യക്തമായിരിക്കുകയാണ്.

ന്യൂനപക്ഷ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും അട്ടിപ്പേറവകാശം വിട്ടുകൊടുക്കില്ലെന്നു മുക്രയിടുന്ന കപട രാഷ്ട്രീയക്കാരുടെ കൊടുംവഞ്ചനയുടെ തെളിവാണ് നിയമസഭയിൽ ചോദ്യോത്തര വേളയിൽ വെളിവായിട്ടുള്ളത്.

പരസ്പരം ചെളിവാരിയെറിയുന്ന മുന്നണികളുടെ കള്ളക്കളികൾക്കിടയിൽ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു മുതലെടുപ്പ് നടത്താനാണ് വർഗീയ കക്ഷികളും അവർക്കു കുഴലൂത്ത് നടത്തുന്ന ചില വാർത്താമാധ്യമങ്ങളും നിലകൊള്ളുന്നത്.

2012 മുതൽ 2021 വരെ ബജറ്റിൽ സ്കോളർഷിപ്പിന്നായി തുക വകയിരുത്തുകയും എന്നാൽ അർഹരായവർക്ക് സമയബന്ധിതമായി നൽകാതെ പാഴാക്കുകയും ചെയ്യുന്ന കാര്യത്തിൽ ഇരു മുന്നണികളും മത്സരിക്കുകയായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

ഇക്കാലയളവിൽ ആകെ വകയിരുത്തിയ 949 കോടിയിൽ 383 കോടിയോളം രൂപ പാഴായിട്ടുണ്ടെന്ന് നിയമസഭയുടെ മേശപ്പുറത്തു വെച്ച കണക്കുകൾ പറയുന്നു. ഇത് ആകെ വകയിരുത്തിയ തുകയുടെ നാൽപ്പതു ശതമാനം വരും.

2018 മുതൽ 2021 വരെയുള്ള കാലയളവിൽ ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതിയിലധികവും വിനിയോഗിക്കാതെ പാഴാക്കുകയാണുണ്ടായത്.

എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ സ്കോളർഷിപ്പുകൾ ലഭിക്കുന്നില്ലെന്നിരിക്കെ സർക്കാരുകൾ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നുള്ള വർഗീയ ശക്തികളുടെ നുണപ്രചാരങ്ങൾ പ്രചരിച്ചു കൊണ്ടേയിരിക്കുകയാണ്.

അതുപോലെ മദ്രസകളിലെ അധ്യാപകർക്ക് സർക്കാർ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നുവെന്ന കള്ളപ്രചാരണങ്ങളും സംഘ്പരിവാരവും അവർക്ക് പിന്തുണ നൽകുന്ന മറ്റു ചില സംഘങ്ങളും രാജ്യമൊട്ടാകെ നടത്തുകയാണ്.

ഇത്തരം കള്ളപ്രചാരണങ്ങൾ നടക്കുമ്പോഴും സത്യാവസ്ഥ വെളിപ്പെടുത്താതെയും നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ യാതൊരു നടപടിയുമെടുക്കാതെയും സർക്കാരും ബന്ധപ്പെട്ടവരും മൗനം പാലിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ അംബാസഡർമാരായി നാടുനീളെ പ്രചാരണം നടത്തിയവരാണ് വർഗീയ ശക്തികൾക്ക് മുതലെടുക്കാനുള്ള അവസരമൊരുക്കുന്നത്.

തുടർഭരണം നേടിയ പിണറായി സർക്കാർ അധികാരത്തിലേറി ന്യൂനപക്ഷ വിഭാഗങ്ങളെ വഞ്ചിക്കുന്നത് തുടരുകയാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേറ്റർ ബഷീർ കാരന്തൂർ (റിയാദ്), വിവിധ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ കടുങ്ങല്ലൂർ, കോയിസ്സൻ ബീരാൻകുട്ടി (ജിദ്ദ), നമീർ ചെറുവാടി, നാസർ ഒടുങ്ങാട് (ദമ്മാം), മുഹമ്മദ്കോയ ചേലേമ്പ്ര, ഹനീഫ ചാലിപ്പുറം (അബഹ), കുഞ്ഞിക്കോയ താനൂർ (ജുബൈൽ) എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

soudi news
Advertisment