പൂർണ ഗർഭിണിയുമായി ബൈക്ക് അപകടത്തിൽപ്പെട്ടു; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനും അമ്മയ്ക്കും പുതു ജീവൻ: സേവനത്തിലൂടെ അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിലെത്തിച്ച പൂർണ ഗർഭിണിയുടെയും കുഞ്ഞിൻറെയും ജീവൻ രക്ഷിച്ച് ഡോക്ടർമാർ. കൊച്ചുവേളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയ്ക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അതിവേഗം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും നടത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിക്കായി അതിവേഗം മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

രാവിലെ 10.30 ഓടെ മെഡിക്കൽ കോളേജിലെത്തിച്ച യുവതിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം എമർജൻസി ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച് 11 മണിയോടെ ശസ്ത്രക്രിയ നടത്താനായി. അമ്മ മെഡിക്കൽ കോളേജ് ഐസിയുവിലും കുഞ്ഞ് എസ്എടി ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.

മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിതെന്ന് വീണ ജോർജ് പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിൽ തന്നെ പ്രധാന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സീനിയർ ഡോക്ടർമാരുടെ സേവനവും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയും ഭർത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗർഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് ബന്ധുക്കൾ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ധ പരിചരണം ഉറപ്പാക്കി.

യുവതിയുടെ തലയിൽ രക്തസ്രാവമുള്ളതിനാൽ അമ്മയെ രക്ഷിക്കാൻ ഉടൻ തന്നെ സങ്കീർണ ന്യൂറോ സർജറി നടത്തണമായിരുന്നു. ഇതിനൊപ്പം കുഞ്ഞിനെ രക്ഷിക്കാൻ ഉടൻ തന്നെ സിസേറിയൻ ചെയ്യണമെന്നുള്ളതും ശസ്ത്രക്രിയ സങ്കീർണമാക്കി. എന്നാൽ, ഒട്ടും സമയം പാഴാക്കാതെ മിനിറ്റുകൾക്കുള്ളിൽ മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കുകയും എസ്എടിയിൽ നിന്ന് അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കൽ കോളേജിൽ എത്തിച്ചും മെഡിക്കൽ ടീം സജ്ജമാവുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് എത്തിയപ്പോഴേക്കും സജർജറിക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയൻ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്എടി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു.

തുടർന്ന് തലയോട്ടി തുറന്ന് സങ്കീർണ ശസ്ത്രക്രിയയും പൂർത്തിയാക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ രാവിലെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചു വരുന്നു. സർജറി വിഭാഗം ഡോ. ഇന്ദുചൂഢൻ, ന്യൂറോ സർജറി വിഭാഗം ഡോ. രാജ്‌മോഹൻ, ഡോ. രാജ്, ഗൈനക്കോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീഷ്യ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിർസ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

Advertisment