ഇൻസ്റ്റാഗ്രാം പ്രണയം: യുപി സ്വദേശി മലപ്പുറത്തെത്തി 16കാരിയുമായി ട്രെയിനിൽ മടങ്ങുന്നതിനിടെ പിടിയിൽ

New Update

publive-image

മലപ്പുറം: ഇൻസ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ മലപ്പുറത്തെത്തി. കരുവാരക്കുണ്ടിലെ പതിനാറുകാരിയെ കൂട്ടി ട്രെയിനിൽ ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും പൊലീസ് പിടികൂടി.

Advertisment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപുർ മുഹമ്മദ് നവേദിനെ പോക്സോ വകുപ്പ് ചുമത്തി കോ‌ടതി റിമാൻഡ് ചെയ്തു.

സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്രതിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് റെയിൽവേ പൊലീസിന് സന്ദേശമയച്ചു. തുടർന്ന് ഇരുവരെയും കാസർഗോഡ് വെച്ചാണ് റെയിൽവേ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പൊലീസ് കാസർഗോഡെത്തി രണ്ടുപേരെയും തിരിച്ചുകൊണ്ടുവന്നു.

ചോദ്യംചെയ്യലിലാണ് ഇൻസ്റ്റാഗ്രാം പ്രണയത്തിന്‍റെയും ഒളിച്ചോട്ടത്തിന്‍റെയും കഥകൾ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

Advertisment