മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന്​ വിവിധ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ഒമാൻ. ടാൻസാനിയ, ഗിനിയ എന്നീ ആഫിക്കൻ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യരുതന്നാണ്​ ഒമാൻ നിർദ്ദേശിച്ചിരിക്കുന്നത്.
അസുഖ ബാധിതരിൽ 60മുതൽ 80 ശതമാനം പേർക്കുവരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് രോഗം എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. വവ്വാലിൽ നിന്നാണു ഈ രോഗം മനുഷ്യരിലേക്ക്​ പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.
വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്പ്​ രോഗബാധയുണ്ടായ ഇടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ്​ മരണനിരക്ക്​. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിൽ നേര​ത്തെ മാർബർഗ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു.1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ്​ ഈ പേര്​ ലഭിച്ചത്.
അതേസമയം ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലെ വൈറസ്​ വ്യാപനം ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് സർവൈലൻസും എമർജൻസി മാനേജ്‌മെന്റ് സെന്ററും നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണ്​. വൈറസ് രോഗം റിപ്പോർട്ട്​ ചെയ്​ത രാജ്യങ്ങളിലേക്ക്​ അത്യാവശ്യമില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും​ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.