വാൾട്ട് ഡിസ്നി കമ്പനി ബീജിംഗിലെ സ്ട്രീമിംഗ് സേവനങ്ങളിൽ ജോലി ചെയ്തിരുന്ന 300 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഈ ആഴ്ച ആരംഭിച്ച ചെലവ് ചുരുക്കൽ, പുനഃസംഘടിപ്പിക്കൽ പദ്ധതിയുടെ ഭാഗമാണ് വെട്ടിക്കുറയ്ക്കൽ എന്നാണ് പുറത്തു വരുന്ന വിവരം. 7,000 പേർക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടും.
ഡിസ്നിയുടെ സ്ട്രീമിംഗ് സേവനങ്ങളുടെ മേഖലകളിൽ ജോലി ചെയ്യുന്ന സാങ്കേതിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആദ്യ ഘട്ടത്തിൽ പുറത്തേക്ക് പോകേണ്ട ജീവനക്കാർക്കുള്ള അറിയിപ്പ് അടുത്ത നാല് ദിവസത്തിനുള്ളിൽ ലഭിക്കും. ഏപ്രിലിൽ രണ്ടാം ഘട്ട പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് നീക്കം.
2022 നവംബറിൽ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് കമ്പനിയുടെ സിഇഒ സ്ഥാനം റോബർട്ട് ഇഗർ ഏറ്റെടുത്തു. കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല ഇഗറിനുണ്ട്. അതിനാൽത്തന്നെ ഇഗർ ചുമതലയേറ്റ ഉടൻ തന്നെ ഡിസ്‌നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി ആരംഭിച്ചതായാണ് സൂചന.
2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1 ബില്യൺ ഡോളർ നഷ്ടമായ കമ്പനിയുടെ സ്ട്രീമിംഗ് ടിവി ബിസിനസുകളെ ലാഭകരമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.