ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന് വന്നത് വൻ വീഴ്ച്ച; ജീവനക്കാർ അതീവ രഹസ്യ വിവരങ്ങൾ ചാറ്റ്ജി.പി.ടിയിൽ ചോർത്തിയതായി റിപ്പോർട്ട്

author-image
Gaana
New Update

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന് വന്നത് വൻ വീഴ്ച്ച. ജീവനക്കാരുടെ ഭാഗത്ത് നിന്നും ആണ് വീഴ്ച ഉണ്ടായത്. പ്രധാനപ്പെട്ട കമ്പനി വിവരങ്ങൾ ഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിയിൽ അബദ്ധത്തിൽ ചോർത്തിയതിന് മൂന്ന് ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി.

Advertisment

publive-image

തങ്ങളുടെ സെമികണ്ടക്ടർ ഫെസിലിറ്റികളിൽ ചാറ്റ്ജി.പി.ടി ഉപയോഗിക്കുന്നതിന് സാംസങ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. എന്നാൽ, അംഗീകാരം ലഭിച്ച് ഇരുപത് ദിവസത്തിനുള്ളിൽ, ജീവനക്കാർ ഡാറ്റ ചോർത്തിയ മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് സാംസങ്ങിന് നേരിടേണ്ടി വന്നത്.

ഒരു സാംസങ് ജീവനക്കാരൻ പിശകുകൾ പരിശോധിക്കുന്നതിനായി അതീവ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയുടെ സോഴ്സ് കോഡ് കൊണ്ടുപോയി ചാറ്റ്ബോട്ടിൽ പേസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു ജീവനക്കാരൻ "കോഡ് ഒപ്റ്റിമൈസേഷന്" വേണ്ടി ആവശ്യപ്പെട്ടുകൊണ്ടാണ് എ.ഐ ചാറ്റ്ബോട്ടുമായി കോഡ് പങ്കിട്ടത്. എന്നാൽ, മൂന്നാമത്തെ സംഭവത്തിൽ, ഒരു രഹസ്യ കമ്പനി മീറ്റിങ്ങിന്റെ റെക്കോർഡിങ് ആണ് ഒരു ജീവനക്കാരൻ ചാറ്റ്ജി.പി.ടിയുമായി പങ്കിട്ടത്. അത് കുറിപ്പുകളാക്കി മാറ്റാനാണ് അയാൾ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം ഇനി ഇന്റർനെറ്റിൽ സീക്രട്ട് എന്നൊന്നില്ല, സാംസങ് ജീവനക്കാർ പങ്കിട്ട വിവരങ്ങൾ ഇനി എല്ലാ കാലത്തും ചാറ്റ്ജി.പി.ടിയുടെ ഭാഗമാണ്. ഇത് തന്നെയാണ് സാംസങ്ങിനെ കുടുക്കിലാക്കിയതും.

സംഭവത്തിന് പിന്നാലെ, സാംസങ് ഇപ്പോൾ ചാറ്റ്ജി.പി.ടിയിലേക്കുള്ള അപ്‌ലോഡുകൾ ഒരാൾക്ക് 1024 ബൈറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചോർച്ചയുടെ ഭാഗമായ ജീവനക്കാരെക്കുറിച്ചും കമ്പനി അന്വേഷണം നടത്തുന്നുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ AI ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യം സാംസങ് പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്.

ചാറ്റ്ബോട്ട് ശേഖരിക്കുന്ന ഡാറ്റ അതിന്റെ AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതായി OpenAI ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റ്‌ബോട്ടുമായി സെൻസിറ്റീവ് ഡാറ്റയൊന്നും പങ്കിടരുതെന്നും ഇത് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, യൂറോപ്പിൽ ഓപൺഎ.ഐ, ചാറ്റ്ജി.പി.ടി എന്നിവയുടെ ഡാറ്റാ ശേഖരണ നയങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ സൂക്ഷ്മപരിശോധന നടക്കുന്നുണ്ട്. അതേസമയം സ്വകാര്യതാ പ്രശ്‌നങ്ങളുടെ പേരിൽ AI ചാറ്റ്‌ബോട്ടിനെ ഇറ്റലി പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

Advertisment