ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പദ്ധതി ഒ ഐ സി നിരസിച്ചു

New Update

വാഷിംഗ്ടണ്‍:  പശ്ചിമേഷ്യയ്ക്കുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമാധാന പദ്ധതി അറബ് രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) നിരസിച്ചു.

Advertisment

ഇതിലെ 57 അംഗ രാജ്യങ്ങളോട് ഈ പദ്ധതി നടപ്പിലാക്കാന്‍ യാതൊരു വിധ സഹായസഹകരണങ്ങള്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടു.

publive-image

ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന പാന്‍ ഇസ്ലാമിക് ബോഡിയുടെ പ്രസ്താവനയില്‍ പറയുന്നത് - 'യുഎസ് - ഇസ്രായേല്‍ പദ്ധതി നിരസിക്കുന്നു. കാരണം ഇത് ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങളുടേയും നിയമാനുസൃതമായ അവകാശങ്ങളുടേയും സമാധാന പ്രക്രിയയുടെ നിബന്ധനകളുടേയും ഘടക വിരുദ്ധമാണ്' എന്നാണ്.

സൗദി നഗരമായ ജിദ്ദയിലെ ഒ.ഐ.സി. ആസ്ഥാനത്ത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍, ഈ പദ്ധതിയെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്നും, ഏതെങ്കിലും വിധത്തില്‍ അല്ലെങ്കില്‍ രൂപത്തില്‍ അത് നടപ്പാക്കാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുമായി സഹകരിക്കരുതെന്നും എല്ലാ അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ മരുമകനും ട്രം‌പിന്റെ ഉപദേശകനുമായ ജാരെഡ് കുഷ്‌നര്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പദ്ധതി പ്രകാരം, തര്‍ക്കപ്രദേശമായ ജറുസലേമിന്‍റെ നിയന്ത്രണം 'അവിഭാജ്യ തലസ്ഥാനം' എന്നും ഫലസ്തീന്‍ പ്രദേശങ്ങളിലെ അനെക്സ് സെറ്റില്‍മെന്‍റുകള്‍ ഇസ്രായേല്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്നും' പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, കിഴക്കന്‍ ജറുസലേമില്‍ തലസ്ഥാനം സ്ഥാപിക്കാന്‍ ഫലസ്തീനികളെ അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

'അറബ്/ഇസ്ലാമിക സംസ്ക്കാരം' കണക്കിലെടുത്ത്, ഫലസ്തീന്‍ രാഷ്ട്രത്തിന്റ് ഭാവി തലസ്ഥാനമായി കിഴക്കന്‍ ജറുസലേമിനുള്ള പിന്തുണ ഒ.ഐ.സി. ആവര്‍ത്തിച്ചു വ്യക്തമാക്കി.

1967-ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശം അവസാനിപ്പിക്കുകയും, ഫലസ്തീന്‍ പ്രദേശത്തുനിന്ന് പൂര്‍ണമായും പിന്മാറി വിശുദ്ധ നഗരമായ അല്‍ഖുദ്സ് അല്‍ ഷെരീഫ് (ജറുസലേം) മുതല്‍ കൈയ്യേറിയ മറ്റ് അറബ് പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ ഒഴിഞ്ഞു പോയാല്‍ മാത്രമേ സമാധാനം കൈവരിക്കാനാകൂ എന്ന് ഒ.ഐ.സി. യോഗം വിലയിരുത്തി.

അറബ് ലീഗും ശനിയാഴ്ച വിവാദ പദ്ധതി തള്ളിക്കളഞ്ഞു. കെയ്റോയില്‍ നടന്ന യോഗത്തില്‍ ഫലസ്തീനികളുടെ മിനിമം അവകാശങ്ങള്‍ അമേരിക്കയും ഇസ്രയേലും പാലിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഇസ്രയേലുമായും യുഎസുമായുള്ള എല്ലാ ബന്ധങ്ങളും വെട്ടിക്കുറയ്ക്കുമെന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് കെയ്റോയില്‍ പ്രഖ്യാപിച്ചു. സുരക്ഷാ സഹകരണം ഉള്‍പ്പെടെ അമേരിക്കയുമായും ഇസ്രായേലുമായും യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ബാങ്കിന്‍റെ 30 ശതമാനം വരുന്ന തന്ത്രപ്രധാനമായ ജോര്‍ദാന്‍ താഴ്‌വരയേയും 200 ല്‍ കൂടുതല്‍ വരുന്ന എല്ലാ ജൂത വാസസ്ഥലങ്ങളെയും കൂട്ടിച്ചേര്‍ക്കാനുള്ള ട്രം‌പിന്റെ രഹസ്യ അജണ്ടയാണ് മരുമകന്‍ ജാരെഡ് കുഷ്നര്‍ വഴി സമാധാന പദ്ധതിയുടെ പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ഈ പദ്ധതി ഇസ്രായേലിന് പച്ചക്കൊടി കാണിക്കലാണെന്നും അറബ് ലീഗില്‍ മഹ്മൂദ് അബ്ബാസ് ആരോപിച്ചു.

Advertisment