/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
യുഎസ്: വിവാദങ്ങൾക്ക് പിന്നാലെയും ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുട്ടികൾക്ക് ഓട്ടിസമുണ്ടാകുമെന്ന വിചിത്ര വാദത്തിലുറച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗർഭിണികൾ അത്യാവശ്യമില്ലെങ്കിൽ പാരസെറ്റമോൾ കഴിക്കരുതെന്ന വാദം ട്രംപ് ആവർത്തിച്ചു.
ഇതിന് പുറമെ കുട്ടികൾക്ക് നൽകുന്ന വാക്സിനേഷനിൽ പുതിയ പ്രസ്താവനകളും ട്രംപ് നടത്തി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.
അത്യാവശ്യമില്ലാതെ കുട്ടികൾക്ക് അമ്മമാർ പാരസെറ്റമോൾ നൽകാതിരിക്കുക. അതോടൊപ്പം, ഗുരുത രോഗങ്ങളായ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന വാക്സിനായ എംഎംആർ ഒരുമിച്ച് നൽകുന്നതിന് പകരം മൂന്നായി തന്നെ നൽകാനും ട്രംപ് ആവശ്യപ്പെട്ടു.
ഒരു പഠനവും വിശദീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാതെയായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ചിക്കൻപോക്സ് വാക്സിനുകൾ പ്രത്യേകം എടുക്കണമെന്നും 12 വയസിന് മുമ്പ് കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകുന്നത് ഒഴിവാക്കണമെന്നും ട്രംപ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
ഗർഭകാലത്ത് സ്ത്രീകൾ അമേരിക്കയിൽ ടൈലനോൾ എന്നറിയപ്പെടുന്ന അസറ്റാമിനോഫെൻ ഒഴിവാക്കണമെന്നും, രാജ്യത്ത് ഓട്ടിസം നിരക്കുകൾ വർധിക്കുന്നതിൻ്റെ കാരണം ഇതായിരിക്കാമെന്നുമായിരുന്നു ട്രംപിൻ്റെ മുൻ പ്രസതാവന. എന്നാൽ, വലിയ ചർച്ചകൾക്കാണ് ട്രംപിൻ്റെ പ്രസ്താവന തിരി കൊളുത്തിയത്. പിന്നാലെ, ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.