/sathyam/media/media_files/2025/08/28/2-2025-08-28-06-50-21.jpg)
മിനിസോട്ട: യുഎസ് മിനിയാപോളിസിലെ സ്കൂളിൽ കുട്ടികൾക്ക് നേരെ വെടിവപ്പ്. രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പതിനേഴ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.മിനിയാപൊളിസിലെ കാത്തലിക് സ്കൂളിലായിരുന്നു സംഭവം. അക്രമി സ്വയം വെടിവെച്ചു മരിച്ചു. പ്രദേശത്ത് 24 മണിക്കൂറിനിടെ രണ്ട് വെടിവെപ്പുകളാണ് നടന്നത്. സംഭവത്തിൻ്റെ അന്വേഷണം എഫ്ബിഐ ഏറ്റെടുത്തു.
ബുധനാഴ്ച രാവിലെയാണ് സംഭവം. സ്കൂളിൽ പ്രാർഥന നടക്കുന്ന സമയത്താണ് വെടിവയ്പുണ്ടായത്. പള്ളിയിലെ ജനലിലൂടെ റൈഫിൾ ഉപയോഗിച്ച് അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമത്തിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെടിവയ്പിൽ കുട്ടികളുൾപ്പെടെ പതിനേഴ് പേർക്ക് പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്.
റോബിൻ വെസ്റ്റ്മാൻ എന്ന 23കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറയുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.
റൈഫിൾ, ഷോട്ട്ഗൺ, പിസ്റ്റൾ എന്നിവയുമായാണ് അക്രമി സ്കൂളിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭയാനകമായ വെടിവെപ്പാണ് മിനിയാപോളിസിലുണ്ടായതെന്ന് മിനിസോട്ട ഗവർണർ ടിം വാൾസ് പ്രതികരിച്ചു. വിദ്യാർഥികളെ ഒഴിപ്പിച്ചെന്നും പരിക്കേറ്റ വിദ്യാർഥികളുടെ വിവരങ്ങൾ അറിയിക്കുമെന്നും ഗവർണർ അറിയിച്ചു.