കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് എം എ അഖിലമോളും സംഗീത സുനിലും. വെല്ലുവിളികൾ മറികടന്ന്, മത്സ്യമേഖലയിൽ സംരംഭകരായി മികവ് തെളിയിച്ചാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരുവരും ശ്രദ്ധ നേടുന്നത്.
കഠിനാധ്വാനത്തിലൂടെയും മാനേജ്മെന്റ് വൈദഗ്ധ്യം പുറത്തെടുത്തും വിജയം കൈവരിച്ചതിനുള്ള അംഗീകാരമായി തിങ്കളാഴ്ച (മാർച്ച് 10) നടക്കുന്ന വനിതാദിനാഘോഷ പരിപാടിയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഇവരെ ആദരിക്കും.
മത്സ്യകൃഷി, കൺസൽട്ടൻസി സേവനങ്ങളിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ അഖിലമോൾ നേട്ടമുണ്ടാക്കിയത്. എന്നാൽ, മത്സ്യ മൂല്യവർധിത ഉൽപാദന രംഗത്താണ് നായരമ്പലം സ്വദേശി സംഗീതയുടെ മികവ്. സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (എസ്ടിഐ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.
കുട്ടികളുടെ പഠനം വഴിമുട്ടെരുതെന്ന ആഗ്രഹത്തോടെയാണ് അഖിലമോൾ മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. സിഎംഎഫ്ആർഐ നടത്തിയ പരിശീലനപരിപാടിയിൽ പങ്കെടുത്തത് വഴിത്തിരിവായി. അക്വാകൾച്ചർ രംഗത്തെ ശാസ്ത്രീയരീതികളും വൈദഗ്ധ്യവും സ്വന്തമാക്കിയത് വരുമാനം മെച്ചപ്പെടുത്താൻ സഹായകരമായി. ഈ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സംരംഭകയായി മാറാനുള്ള താൽപര്യത്തിൽ കൺസൽട്ടൻസി സേവനം ആരംഭിച്ചു.
ഇത് നിരവധി പേരെ മത്സ്യകൃഷിയിൽ സഹായിക്കുന്നതിനും അവർക്ക് ഉപജീവനമാർഗവും ഒരുക്കി. നിലവിൽ, സിഎംഎഫ്ആർഐയുടെ എസ് ടി ഐ ഹബ് പദ്ധിതിയുടെ മേൽനോട്ടത്തിൽ ഒരു ഏക്കറിൽ സംയോജിത മത്സ്യകൃഷി നടത്തിവരികയാണ്.
കരിമീൻ, കാളാഞ്ചി, തിരുത കൃഷിക്കൊപ്പം താറാവ്-കോഴി വളർത്തലും പച്ചക്കറി-പുഷ്പ കൃഷിയും സംയോജിപ്പിച്ചുള്ളതാണ് ഈ സംരംഭം. ഇത് കൂടാതെ, കൊടുങ്ങല്ലൂർ കായലിൽ കൂടുമത്സ്യകൃഷിയും പൊന്നൂസ് അക്വാക്ലിനിക് എന്ന പേരിൽ ബിസിനസ് കൺസൽട്ടൻസി സേവനവുമുണ്ട്.
മീനുകളിൽ നിന്നുള്ള മൂല്യവർധിത ഉൽപാദനത്തിലൂടെയും അവയുടെ വിപണനത്തിലൂടെയുമാണ് സംഗീത സുനിൽ ശ്രദ്ധ നേടുന്നത്. 'സാൾട്ട് എൻ സ്‌പൈസി' എന്ന ബ്രാൻഡിന് കീഴിൽ നിരവധി തനത് ഉൽപന്നങ്ങൾ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നു.
ഉണക്ക ചെമ്മീൻ, മീനിൽ നിന്നുള്ള അച്ചാർ, കട്ലറ്റ്, ചട്ണി പൊടി, വൈവിധ്യമായ സീഫുഡ് വിഭവങ്ങൾ തുടങ്ങിയവ ഇതിൽപെടും. തദ്ദേശീയ വിഭവങ്ങൾ അനുയോജ്യമായ വിപണനരീതികൾ ഉപയോഗിച്ച് വിജയകരമായ ബിസിനസ് സംരംഭമാക്കി വികസിപ്പിച്ചതാണ് സംഗീതയുടെ മികവ്.
ഈയിടെ സിഎംഎഫ്ആർഐയിൽ നടന്ന മത്സ്യമേളയിൽ ഈ നാടൻ വിഭവങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിഎംഎഫ്ആർഐയിൽ പ്രവർത്തിക്കുന്ന കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിന്റെ (അറ്റിക്) വിപണന കേന്ദ്രത്തിൽ ഈ ഉൽപന്നങ്ങൾ ലഭ്യമാണ്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള പദ്ധതിയാണ് സിഎംഎഫ്ആർഐയുടെ എസ് ടി ഐ ഹബ്. മത്സ്യമേഖലയിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനം, സാങ്കേതിവിദ്യ സഹായം എന്നിവ നൽകിവരുന്നു.