തിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് സംരംഭകത്വ വിജ്ഞാനം പകര്‍ന്നു നല്‍കുക, സംരംഭങ്ങള്‍ തുടങ്ങുന്നതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യുക എന്നീ ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയ ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരുന്നു പ്രകാശനം.
വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് കെഎസ് യുഎം പുറത്തിറക്കിയ ഹാന്‍ഡ്ബുക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവയെല്ലാം ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു.
https://startupmission.kerala.gov.in/ecosystem എന്ന വെബ് ലിങ്കില്‍ നിന്ന് ഹാന്‍ഡ്ബുക്ക് വായിക്കുകയും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്ക് വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്‍റെ ഭാഗമായാണ് എല്ലാ വിവരങ്ങളും സമഗ്രമായി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ ഹാന്‍ഡ്ബുക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയതെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു.
കാലാകാലങ്ങളില്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, പുതുമകള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.