/sathyam/media/media_files/2025/03/08/2YwXEWw8Q6c4AE5Ccaae.jpg)
ഡൽഹി : പുരുഷന്മാർ മാത്രം ജോലി ചെയ്യ്തിരുന്ന ഒരു മേഖലയായിരുന്നു ആന പാപ്പന്റെ പണി ഈ മേഖലയില്‍ സ്‌ത്രീകള്‍ക്ക് വഴികാട്ടിയായി മാറിയ വ്യക്തിയാണ് 67-കാരിയായ പാർബതി ബറുവ. 'ഹസ്‌തി കന്യ' എന്നറിയപ്പെടുന്ന ഇവര്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ആന പാപ്പാൻ .
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ സ്വീകരിക്കുന്ന 110 അറിയപ്പെടാത്ത വ്യക്തികളിൽ ഒരാളായി അസമിലെ പാർബതി ബറുവ.
പൊതുവെ പുരുഷന്മാര്‍ കയ്യടക്കി വച്ചിരിക്കുന്ന ആന പരിചരണത്തിലെ ലിംഗപരമായ തടസങ്ങൾ ഇല്ലാതാക്കിയുള്ള പാർബതി ബറുവയുടെ പ്രവര്‍ത്തനങ്ങളെയാണ് രാജ്യം ആദരിച്ചത് .
അസമിലെ ഗോൾപാറ ജില്ലയിലെ ഗൗരിപൂർ രാജകുടുംബത്തിലാണ് പാർബതി ജനിച്ചത്. ഗൗരിപൂരിലെ അവസാനത്തെ രാജാക്കന്മാരിൽ ഒരാളായിരുന്നു പാര്‍ബതിയുടെ പിതാവ് പ്രാകൃതിഷ് ബറുവ.
പിതാവിനൊപ്പം ചേര്‍ന്ന് കൊക്രഝർ ജില്ലയിലെ കച്ചുഗാവ് വനത്തിൽ വച്ച് തന്‍റെ ആദ്യ ആനയെ പിടിക്കുമ്പോള്‍ പാർബതിയുടെ പ്രായം വെറും 14 വയസ് മാത്രമായിരുന്നു
ആനകളെക്കുറിച്ച് നിഗൂഢമായ അവബോധമുള്ള ആളായിരുന്നു പ്രാകൃതിഷ്. പാചകക്കാർ, പരിചാരകർ, കുട്ടികൾക്കായി ഒരു അധ്യാപകൻ എന്നിവരടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമായിരുന്നു പ്രകൃതിഷ് കാടുകയറിയിരുന്നത്. നാല് ഭാര്യമാരും ഒമ്പത് കുട്ടികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. പിതാവിനൊപ്പം വനങ്ങളിൽ ധാരാളം സമയം ചെലവഴിച്ചതോടെ ആനയെക്കുറിച്ചുള്ള അറിവുകള്‍ പാർബതിയ്‌ക്കും സ്വന്തമായി.
കാട്ടിലേക്കുള്ള ഇത്തരം യാത്രകളാണ് അവയോടുള്ള തന്‍റെ താൽപര്യം ഏറെ വര്‍ധിപ്പിച്ചതെന്ന് പാര്‍ബതി ഓര്‍ത്തെടുക്കുന്നു. നിലവില്‍ 40 വര്‍ഷമായി ആന പരിപാലന രംഗത്ത് സജീവമാണ് പാര്‍ബതി.
അതിനപ്പുറം നീണ്ട ചരിത്രമുള്ള അസമിലെ മനുഷ്യ-ആന സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ മുഖ്യ പങ്കാണ് പാര്‍ബതിയ്‌ക്കുള്ളത്. കൃഷിയിടങ്ങളിൽ നിന്ന് പ്രശ്‌നക്കാരായ ആനകളെ കാട്ടിലേക്ക് തിരികെ തുരത്തുന്നതിൽ അധികാരികള്‍ക്ക് വലിയ സഹായങ്ങളാണ് പാര്‍ബതി നല്‍കിയിരുന്നത്.
കാട്ടാനകളെ മെരുക്കുന്നതിൽ വിദഗ്‌ധ കൂടിയാണിവര്‍. പാര്‍ബതിയുടെ ഈ കഴിവ് പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലും അവരെ ഏറെ പ്രശസ്‌തയാക്കി. ഇവരെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനും പ്രകൃതിശാസ്‌ത്രജ്ഞനുമായ മാർക്ക് റോളണ്ട് ഷാൻഡ് എഴുതി 1996-ൽ പ്രസിദ്ധീകരിച്ച "ക്യൂന്‍ ഓഫ് എലഫെന്‍റ്" എന്ന പുസ്‌തകം ഏറെ പ്രശസ്‌തമാണ്.