/sathyam/media/post_attachments/5jAW4B7InL69sb7LYoUf.jpg)
കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇറാഖ്​ അധിനിവേശത്തിന്​ ഇന്ന് 31 വയസ്സ്​. ഇതുപോലൊരു ആഗസ്​റ്റ്​ രണ്ടിനാണ് സദ്ദാം ഹുസൈന്റെ സൈന്യം കുവൈറ്റിലേക്ക് പാഞ്ഞടുത്തത്. ഓർക്കാപ്പുറത്താണ് 1990 ഓഗസ്റ്റ് 2ന് അർധരാത്രി കഴിഞ്ഞപ്പോൾ സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്ത് തെരുവുകൾ കീഴടക്കിയത്.
ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ ഇറാഖിനൊപ്പം നില്‍ക്കുകയും ഇറാഖിന് ധനസഹായം നല്‍കുകയും ചെയ്ത രാജ്യമായിരുന്നു കുവൈറ്റ്. എന്നാല്‍ യുദ്ധം അവസാനിച്ചതോടെ ഇരു രാജ്യങ്ങളും പതുക്കെ അകന്നു തുടങ്ങി. യുദ്ധ സമയത്ത് നല്‍കിയ കടം തിരികെ നല്‍കണമെന്നായിരുന്നു കുവൈറ്റിന്റെ ആവശ്യം.
എന്നാല്‍ ഇറാനെ പ്രതിരോധിക്കേണ്ടത് കുവൈറ്റിന്റെ കൂടെ ആവശ്യമായിരുന്നെന്നും കടം തള്ളണമെന്നുമായിരുന്നു ഇറാഖിന്റെ നിലപാട്. ഇത് കുവൈറ്റിന് സ്വീകാര്യമായിരുന്നില്ല. ഇതിനിടെ എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഇരു രാജ്യങ്ങളും ഇടഞ്ഞു. ഇതിനു ശേഷമാണ് കുവൈറ്റ് കൈയ്യടക്കാന്‍ സദ്ദാം ഹുസൈന്‍ നീക്കം നടത്തിയത്.
/sathyam/media/post_attachments/pNbHfo8DbjXEFbMH4sYW.jpg)
ലോകഭൂപടത്തിൽനിന്ന് കുവൈത്ത് എന്ന രാജ്യത്തെതന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകൾ പാഞ്ഞടുത്തത്. കുവൈത്തിനെ ഇറാഖിന്റെ 19ാമത് ഗവർണറേറ്റ് ആക്കുകയായിരുന്നു സദാമിന്റെ ലക്ഷ്യം.
ഇറാഖ് അധിനിവേശത്തോടെ കുവൈത്ത് സ്വദേശികൾക്കും അവിടെ ഉണ്ടായിരുന്ന വിദേശികൾക്കും ഒരുപോലെ എല്ലാം നഷ്ടമായ കറുത്ത ദിനത്തിന്റെ സ്മരണകളാണ്. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെയാണ് കുവൈറ്റിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. ചെറിയ സൈനികശേഷിയുള്ള കുവൈറ്റിനെ കീഴ്‌പ്പെടുത്തുക ഇറാഖിന് വളരെ എളുപ്പമായിരുന്നു.
എണ്ണക്കിണറുകൾ ഇറാഖ് സൈന്യം തേടിപ്പിടിച്ച് തീയിട്ടു. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. നിരവധി വാഹനങ്ങളും വിമാനങ്ങളും നശിപ്പിച്ചു. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരമില്ല.
അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ഭരണനേതൃത്വത്തിലുള്ളവരും അപ്പോഴേക്കും അതിർത്തി കടന്ന് സൗദി അറേബ്യയിൽ എത്തി. തന്ത്രപരമായി രാജ്യം വിടാൻ ഭരണാധികാരികൾക്കു കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈറ്റിൽ ഒരു താൽക്കാലിക സർക്കാർ നടപ്പിൽ വരുത്തി. കുവൈറ്റ് അധിനിവേശത്തിൽ മറ്റേതെങ്കിലും രാജ്യങ്ങൾ സൈനികമായി ഇടപെട്ടാൽ കുവെറ്റ് ഒരു ശവപ്പറമ്പായി മാറുമെന്ന് സദ്ദാം ഹുസ്സൈൻ മുന്നറിയിപ്പു നൽകിയിരുന്നു. നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു മനുഷ്യകവചങ്ങളായി വച്ചുകൊണ്ടായിരുന്നു ഇറാഖ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
/sathyam/media/post_attachments/q26ZB3TjEg1eN4EM9VYo.jpg)
കുവൈറ്റിൽ നിന്നും യാതൊരു ഉപാധികളും കൂടാതെ പിൻമാറാനുള്ള ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അന്ത്യശാസനങ്ങളെല്ലാം ഇറാഖ് തള്ളിക്കളഞ്ഞു. ലോകരാജ്യങ്ങൾ ഒന്നു ചേർന്ന് ഇറാഖിനെതിരേ നടപടിയെടുക്കാൻ തീരുമാനമെടുക്കുയും, വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ മേഖലയിൽ തമ്പടിക്കുകയും ചെയ്തു. 1991 ജനുവരി 16ന് യുഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൈനിക നടപടിയിലൂടെ (ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം) വിവിധ രാജ്യങ്ങളുടെ സഖ്യസേന കുവൈറ്റിനെ ഇറാഖിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു.
32 രാജ്യങ്ങൾ ഇറാഖിനെതിരെ അണിനിരന്നു. ഫെബ്രുവരി അവസാനം ഇറാഖ് സൈന്യം കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും അധിനിവേശത്തിന്റെ കയ്പ്പുനീര്‍ നുകര്‍ന്നു. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്​മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. എങ്കിലും, നഷ്ടങ്ങളുടെ കണക്കില്‍ നിന്ന് പുതുജീവിതം ആരംഭിച്ച കുവൈറ്റ് പതുക്കെ പ്രതാപം തിരിച്ചുപിടിച്ചു. തങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച ഇറാഖിന് വരെ ഇന്ന് കുവൈറ്റ് സഹായം എത്തിക്കുന്നുവെന്നതും ശ്രദ്ധേയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us