Advertisment

ആഗസ്റ്റ് രണ്ട്, ഓർമ്മയിലെ കരാളരാത്രി

author-image
admin
New Update

-ഹസ്സൻ തിക്കോടി

Advertisment

publive-image

ഇന്നേക്ക് 31 വർഷംമുമ്പ്, 1990 ആഗസ്റ്റ് 2നു വെളുപ്പാൻ കാലത്തു ഇറാഖി പട്ടാളം കുവൈറ്റിൽ എത്തിയ ആദ്യ മണിക്കൂറുകളിലെ ദൃക്സാക്ഷിയായിരുന്നു ഞാൻ. അർദ്ധരാത്രി കഴിഞ്ഞു 2-മണിക്ക് പുറപ്പെടേണ്ട ബ്രിടീഷ് എയർവെയ്സ് വിമാനം ഒരുമണിക്കൂർ വൈകി മാത്രമേ പുറപ്പെടൂ എന്ന അറിയിപ്പുണ്ടായെങ്കിലും അതിൽ അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷെ ആ വൈകിയ ഒരു മണിക്കൂർ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത കുറെ അനുഭവങ്ങളും മായ്ച്ചുകളയാനാവാത്ത ഒട്ടേറെ മുറിവുകളും ഉണ്ടാക്കിയത് തികച്ചും ആകസ്മികം മാത്രം.

കൃത്യം ഒരുമണിക്കൂറിനുശേഷം വിമാനം പുഷ്ബാക്ക് ചെയ്തു റൺവേയിലെത്തിയിരുന്നു. പറന്നുയരാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ പൊടുന്നനെ ക്യാപ്റ്റൻ വിമാനം ഗൈറ്റിലേക്കു തന്നെ തിരിച്ചെത്തിച്ചു. പിന്നെ ഇടറിയ ശബ്ദത്തിൽ ക്യാപ്റ്റന്റെ അറിയിപ്പ്.

publive-image

“എയർപോർട്ട് ഈസ് ടെംപറർലീ ക്ലോസ്ഡ്…..ഓൾ പാസ്സിൻജെസ്ഴ ആർ റിക്കസ്റ്റഡ് ടു ഡിപ്ലെയിൻ ഇമ്മീഡിയറ്റ്ലീ……..” (എയർപോർട്ട് താൽക്കാലികമായി അടച്ചിരിക്കുകയാണ്, എല്ലാ യാത്രക്കാരും ഉടനെ പുറത്തിറങ്ങണം)

എയർപോർട്ടിൽ കനത്ത ഇരുട്ട്. അകലെ റൺവേയിൽ ബോംബുകൾ തുരുതുരാ വന്നു വീഴുന്ന വലിയ ശബ്ദവും മിന്നൽപ്പടർപ്പും. ഞങ്ങൾ 370 യാത്രക്കാർ എയർപോർട്ടിന്റെ ലോബിയിൽ തിക്കിത്തിരക്കി നിന്നു. അവിടത്തെ കനത്ത ചില്ലുവാതിലിലൂടെ ബോംബുകൾ വർഷിക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. ഒരു പരമാധികാര രാജ്യത്തെ മറ്റൊരു രാജ്യം അധിനിവേശത്തിലൂടെ കീഴടക്കുന്നതിന്റെ നേർക്കാഴ്ചക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു ഞാൻ.

publive-image

(ഇറാഖി കരസേന കുവൈറ്റിൽ പ്രവേശിച്ചപ്പോൾ)

അപ്പോഴേക്കും ഇറാഖി കരസേന കുവൈറ്റ് അതിർത്തി കടന്നു ജഹ്റ വഴി കുവൈറ്റിന്റെ പലഭാഗങ്ങളിലും എത്തിയിരുന്നു. ആധുനിക യുഗത്തിലെ ഏറ്റവും ഹീനമായ അധിനിവേശം. ചെറുത്തുനിൽപ്പില്ലാത്തതിനാൽ കുവൈറ്റിനെ കീഴടക്കൽ അതിവേഗം സാധിച്ചു. അപ്പോഴേക്കും ഭരണാധികാരികൾ സൗദിയിലേക്ക് രായ്ക്കുരാമാനം രക്ഷപ്പെട്ടിരുന്നു.

അതോടെ ഞങ്ങൾ 370 യാത്രക്കാരും ക്യാപ്റ്റനടക്കം 27 ജീവനക്കാരും ബന്ദികളാക്കപ്പെട്ടു. നിമിഷങ്ങൾക്കകം ഭരണമാറ്റം സംഭവിച്ചു. ഇറാഖിന്റെ 19-ആമതു പ്രവിശ്യയായി മാറുകയായിരുന്നു കുവൈറ്റ്. “നൗ യു ആർ അണ്ടർ ഇറാഖ്” മെഗാഫോണിലൂടെ ഇറാഖി പട്ടാളം ഉച്ചൈസ്വരം വിളിച്ചു പറയുന്നുണ്ടായിരുന്നു. അങ്ങെനെ പതിനാലു ദിനരാത്രങ്ങൾ ഞങ്ങൾ 370 പേർ പലയിടത്തായി ഇറാഖി പട്ടാളക്കാരോടൊപ്പം കഴിഞ്ഞുകൂടി. ഗൺപോയിന്റിലൂടെ കടന്നുപോയ സംഭവബഹുലമായ പതിനാലുനാളുകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ എല്ലാ ആഗസ്റ്റ് രണ്ടിനും ഞാൻ അയവിറക്കും.

ഏഴ് മാസം നീണ്ടുനിന്ന അധിനിവേശവും തുടർന്നുണ്ടായ ഗൾഫ് യുദ്ധവും പശ്ചിമേഷ്യൻ രാക്ഷ്ട്രീയത്തിൽ ഒരു പാട് പൊട്ടിത്തെറികൾ ഉണ്ടാക്കി. അധിനിവേശത്തിന്റെ നായകനായ സദ്ദാംഹുസൈനെ ഇല്ലാത്ത നശീകരണായുധത്തിന്റെ പേരുപറഞ്ഞു പിടിച്ചുകെട്ടി “ബുഷ്” ഭരണകൂടം തൂക്കിക്കൊന്നു.

ചീത്ത ഭരണാധികാരികളെ നിഷ്കാസനം ചെയ്തു പരിചയിച്ച കരങ്ങൾക്ക് പക്ഷെ, 31 വർഷത്തിനിപ്പുറവും അവിടങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനായില്ല. ഒരിടത്തില്ലെങ്കിൽ മറ്റൊരിടത്ത് പൊട്ടിത്തെറികളും അശാന്തിയും പശ്ചിമേഷ്യയുടെ ശാപമായി മാറ്റിയിരിക്കുകയാണവർ. മനസ്സമാധാനത്തോടെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങാനുള്ള സാധാരണക്കാരന്റെ മോഹം ഇന്നും ഒരു മരീചികപോലെ നീണ്ടുപോവുന്നു. ഒന്നാംലോക രാജ്യങ്ങളുടെ കച്ചവട രഹസ്യമാണ് അവസാനിക്കാത്ത അശാന്തികൾ ലോകത്തിലുണ്ടാക്കുന്നത്. ഭയപ്പെടുത്തി നാട് ഭരിക്കുന്ന തന്ത്രം.

വാൽക്കഷണം:

2020 മുതൽ ഒന്നാംലോക രാജ്യങ്ങൾ ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഭയപ്പെടുത്തി ഭരിക്കുകയാണ്. കോവിഡ്19 അഥവാ SARS cov 2 വൈറസ്സ് ലോകത്തിൽ വ്യാപിച്ചതോടെ ലോകം അടച്ചുപൂട്ടാനുള്ള ആഹ്വനങ്ങൾ വന്നു തുടങ്ങി. അശാസ്ത്രീയമായ അടച്ചുപൂട്ടൽ വരുത്തിവെച്ച ക്ഷീണം ഇനി എപ്പോൾ മാറും.

ഭയപ്പെടുത്തി ഭയപ്പെടുത്തി നാടുമുഴുവൻ ഒന്നര വർഷമായി വറുതിയിലാക്കി. അതിനിടെ വാക്സിൻ കച്ചവടക്കാർ അവരുടെ കച്ചവടം തകൃതിയിൽ നടത്തുന്നു. “ഭക്ഷണ കിറ്റുകൾ” മുറതെറ്റാതെ വന്നുകൊണ്ടിരിക്കുന്നതിനാൽ പട്ടിണിയില്ലെന്നു പറയാം. പക്ഷെ, അതിന്റെ കൂടെ ക്രയവിക്രയത്തിനു ഇത്തിരിപ്പണമോ, മനുഷ്യന്റെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാനും, ആന്റിബോഡി ഉണ്ടാക്കാനും കുറച്ചു വൈറ്റമിൻ സിയും, ഡിയും കൂടി കൊടുത്തിരുന്നെങ്കിൽ ശേഷിക്കുന്ന മനുഷ്യരുടെ പ്രതിരോധ ശേഷി കുറച്ചുകൂടി മെച്ചപ്പെടുകയും അതിലൂടെ വൈറസിന്റെ ആക്രമണം ചെറുക്കനും സാധിക്കുമായിരുന്നു. എന്നിട്ടുവേണം ഒന്ന് വിസ്തരിച്ചു പുറത്തിറങ്ങി വിലസാൻ!!!!

 

Advertisment