ഡബ്ലിന്‍: സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ഹോം കെയര്‍ മേഖലയാകെ അസ്വസ്ഥതയില്‍. ഈ രംഗത്തെ ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സര്‍ക്കാര്‍ ഇതംഗീകരിക്കുന്നില്ലെന്നതാണ് പ്രശ്നം. ആവശ്യമുള്ളവര്‍ക്ക് അനുയോജ്യമായ സമയത്ത് പരിചരണം ലഭിക്കുകയെന്നത് അവധിക്കാലത്തു പോലും സാധിക്കുന്നില്ല. വരും വര്‍ഷങ്ങളില്‍ ഇത്തരം പരിചരണത്തിന്റെ ആവശ്യം ഗണ്യമായി വര്‍ധിക്കുമെന്നാണ് ജനസംഖ്യാ വര്‍ധനവും മറ്റും സൂചിപ്പിക്കുന്നത്.എന്നാല്‍ ഈ യാഥാര്‍ഥ്യം വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനോ ബന്ധപ്പെട്ടവര്‍ക്കോ കഴിയുന്നില്ലെന്നതാണ് ഈ രംഗത്തുള്ളവരെ നിരാശപ്പെടുത്തുന്നത്.
നോണ്‍ ഇയു തൊഴിലാളികളെ ഏതൊക്കെ മേഖലകളില്‍ അനുവദിക്കാമെന്ന് നിര്‍ണ്ണയിക്കുന്ന ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പാണ് ഹോം കെയര്‍ മേഖലയില്‍ പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് അസംതൃപ്തിക്കിടയാക്കുന്നത്. ഈ മേഖലയില്‍ തൊഴിലാളി ക്ഷാമമില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനമുണ്ടായത്.
രാജ്യത്ത് ഹോംകെയര്‍ തൊഴിലാളികളുടെ തൊഴില്‍ ക്ഷാമം അതിരൂക്ഷമാണെന്ന് ഹോം ആന്‍ഡ് കമ്മ്യൂണിറ്റി കെയര്‍ അയര്‍ലണ്ട് ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഹോം കെയര്‍ ജീവനക്കാരെ കിട്ടുന്നതിനായി റിക്രൂട്ട്മെന്റ്ുകള്‍ തുടരുകയാണ്.എന്നിട്ടും ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്ത നിലയാണ്.എന്നാല്‍, അയര്‍ലണ്ടില്‍ ഹോം കെയറര്‍മാരായി പ്രവര്‍ത്തിക്കാന്‍ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
അതേസമയം, നഴ്സിംഗ് ഹോമുകള്‍ക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് പെര്‍മിറ്റുകള്‍ നല്‍കുന്ന നയം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോം കെയറര്‍മാര്‍ക്ക് ജോലി സമയം ഗ്യാരന്റി ചെയ്യുന്നതിലും യാത്ര ചെയ്യുന്നതിനുള്ള ചെലവുകള്‍ നല്‍കുന്നതിലും ഹോം കെയര്‍ ഗ്രൂപ്പുകള്‍ പരാജയപ്പെട്ടതായും സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് വ്യക്തമാക്കിയിരുന്നു. ഒരു വീട്ടില്‍ നിന്നും മറ്റൊരു ഇടത്തേയ്ക്ക് പോകുന്നതിനാവശ്യമായ ചെലവുകള്‍ നല്‍കുന്നതിന് ഹോം കെയര്‍ ഉടമകള്‍ തയ്യാറാകുന്നില്ല.
ഇത് പലപ്പോഴും മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തടസ്സമുണ്ടാക്കുന്നതായും മന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. മെച്ചപ്പെട്ട വേതന സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാലേ വിദേശത്തുനിന്നുള്ള ഹോം കെയറര്‍മാരെ നിയമിക്കുന്നതിന് അനുമതി നല്‍കുന്ന നിയമം പരിഗണിക്കുകയുള്ളൂ എന്നതാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.