കാസില്‍ബാര്‍ : ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി സഹായിച്ചെന്ന് കരുതുന്നയാളെ ഗാര്‍ഡ ആന്റി ടെററിസം യൂണിറ്റ് അറസ്റ്റു ചെയ്തു. കൗണ്ടി മേയോയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഏതാണ്ട് 1,75,000 യൂറോ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റ് (എസ് ഡി യു) നടത്തിയ അന്വേഷണത്തിനൊടുവിലാണ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസില്‍ബാര്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന ഇയാള്‍ കാസില്‍ബാറിലെ പ്രമുഖ ബിസിനസ് സ്ഥാപനം നടത്തുകയാണ്.സിറിയയുമായും മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളുമായുള്ള ഇയാളുടെ ബന്ധം സംശയാസ്പദമാണ്. മാത്രമല്ല ഇയാള്‍ മിഡില്‍ ഈസ്റ്റിലേക്ക് പണം അയയ്ക്കുന്നതായും വിവരവും ലഭിച്ചിരുന്നു. ഇത്രയും വലിയ തുക റെയ്ഡില്‍ കണ്ടെത്തിയതോടെ ഈ സംശയം ബലപ്പെട്ടു.
തീവ്രവാദത്തിന് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട് ആളുകളെ അപൂര്‍വ്വമായി മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു.ജിഹാദി കുറ്റവാളികളെന്ന് സംശയിച്ച് കഴിഞ്ഞ വര്‍ഷം നാല് പേരെ ഇവിടെ അറസ്റ്റു ചെയ്തിരുന്നു.
ഡബ്ലിന്‍, ലീമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രമാക്കി തീവ്രവാദ കേന്ദ്രങ്ങള്‍ വേരുറപ്പിക്കുന്നതായി സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു.ബ്രിട്ടണില്‍ നിന്നും ആസൂത്രിതമായി ഒളിച്ചു കടന്നെത്തുന്നവരടക്കമുള്ള ഇത്തരക്കാര്‍ക്ക് താമസ ഭക്ഷണ സൗകര്യം ഒരുക്കി നല്കുന്നതുള്‍പ്പെടെയുള്ള ‘സേവനപ്രവര്‍ത്തനങ്ങള്‍ ‘നല്‍കാന്‍ ഇവരുടെ സംഘം തയാറാണത്രേ