ഡബ്ലിന്‍: രാജ്യത്ത് ഉണ്ടായേക്കാവുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിവിധികള്‍ മുന്‍കൂട്ടി കണ്ട് സര്‍ക്കാരും, വെദ്യുത വിതരണകമ്പനികളും നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജ ഉപഭോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പൊതു സമൂഹത്തില്‍ നിന്നും കൊമേഴ്സല്‍ ഉപഭോക്താക്കളോടും ആരാഞ്ഞുകൊണ്ടുള്ള കണ്‍സള്‍ട്ടേഷനും ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന അഭിപ്രായ സ്വരൂപണത്തിന് ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചേക്കും എന്നാണ് സൂചനകള്‍.
വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് വൈദ്യുതി വിതരണ കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കിയേക്കാം.അതേ പോലെ തന്നെ വൈദ്യുതി വിതരണത്തില്‍ ഭാഗീകമായ തോതിലെങ്കിലും നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കാമെന്ന സൂചനകള്‍ അയര്‍ലണ്ടിലെ വൈദ്യുതി ഉപഭാക്താക്കള്‍ ആശങ്കയോടെയാണ് സ്വീകരിക്കുന്നത്.
കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് (സി ആർ യു) ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എങ്ങനെയെന്ന് വ്യവസായ, വൈദ്യുതി ദാതാക്കളോട് ചോദിച്ചു കൊണ്ടുള്ള രണ്ടാഴ്ചത്തെ കണ്‍സള്‍ട്ടേഷന്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.
വിതരണ കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കിയേക്കാവുന്ന അധിക ചാര്‍ജുകള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.അതിനുള്ള സംവിധാനത്തെ കുറിച്ച് ആലോചനകള്‍ നടക്കുന്നതേയുള്ളുവെന്ന് ആര്‍ ടി ഇ മോര്‍ണിംഗ് അയര്‍ലണ്ടില്‍ ഇഎസ്ആർഐ സാമ്പത്തിക വിദഗ്ധന്‍ ഡോ.മുറൈന്‍ ലിഞ്ച് വെളിപ്പെടുത്തി.
വിതരണകമ്പനികള്‍ ആദ്യം ചെയ്യാന്‍ പോകുന്നത് ഞങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്,” ഡോ ലിഞ്ച് പറഞ്ഞു. ഇതിന് പുറമെ ഊര്‍ജ്ജ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് സി ആർ യു മുന്നോട്ട് വച്ച ശേഷിക്കുന്ന നടപടികള്‍ വലിയ ഊര്‍ജ്ജ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഡോ ലിഞ്ച് പറഞ്ഞു.
അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാറ്റാ സെന്ററുകളാണ് ഒരു പരിധി വരെ ആകെയുള്ള ഊര്‍ജ്ജ സ്രോതസുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടാന്‍ കാരണമാവുന്നത്.കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജ്ജ ഉപയോഗത്തിന്റെ 70% വളര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഡാറ്റാ സെന്ററുകള്‍ പോലുള്ള വലിയ ഊര്‍ജ്ജ ഉപയോക്താക്കളില്‍ നിന്നാണ് ഊര്‍ജ്ജ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടായതെന്നാണ് കണക്കുകള്‍.
അത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍ക്ക് നേരെയാണ് ആസൂത്രകരും ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. പ്രതിസന്ധിയ്ക്ക് കാരണമായ ഈ കമ്പനികള്‍ ‘അധിക സാമ്പത്തിക ഭാരം’ വഹിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുമെണമെന്ന നിര്‍ദേശമാണ് വിദഗ്ദര്‍ നല്കുന്നതെങ്കിലും എല്ലാ ഉപഭോക്താക്കളെയും ജാഗ്രതയില്‍ നിര്‍ത്താനാണ് അവര്‍ ആവശ്യപ്പെടുന്നത്.
നൂറുകണക്കിന് പേര്‍ക്ക് തൊഴിലവസരവും,വിദേശനാണ്യവും നേടിത്തരുന്ന ഡാറ്റാ സെന്ററുകളുടെ പേരില്‍ പൊതുസമൂഹത്തെ ബലിയാടാക്കാനുള്ള നടപടികള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പ് പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിന് നല്‍കി കഴിഞ്ഞു.