ഡബ്ലിന്‍ : അയര്‍ലണ്ടില്‍ രോഗബാധ തടയുന്നതിന്റെ ഭാഗമായി മങ്കി പോക്സ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നു. രോഗബാധയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് എച്ച് എസ് ഇ തീരുമാനം. അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള 6,000 ആളുകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ ഇവരില്‍ 10% ,600പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് പരിപാടി.
പുരുഷന്മാരുമായും (ജിബിഎംഎസ്എം), ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികള്‍ക്കും ബൈസെക്ഷ്വല്‍ പുരുഷന്മാര്‍ക്കുമായിരിക്കും വാക്സിനേഷനില്‍ മുന്‍ഗണന. ഇവര്‍ക്ക് 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സിനായിരിക്കും നല്‍കുക.കഴിഞ്ഞ ബുധനാഴ്ച വരെ അയര്‍ലണ്ടില്‍ 101 മങ്കി പോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധാ സാധ്യതയുള്ളവര്‍ക്ക് ആളുകളുമായി സമ്പര്‍ക്കമുണ്ടാകുന്നതിന് മുമ്പ് വാക്സിനേഷന്‍ നല്‍കണമെന്ന നിയാകിന്റെ (എന്‍ ഐ എ സി) മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ് എച്ച് എസ് ഇയുടെ തീരുമാനം. അതേസമയം,അയര്‍ലണ്ടിലും യൂറോപ്യന്‍ യൂണിയനിലും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്.അതിനാല്‍ അയര്‍ലണ്ടില്‍ രണ്ടാം ഘട്ട വാക്സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെയേ ആരംഭിക്കാനാകൂയെന്നാണ് എച്ച് എസ് ഇ നല്‍കുന്ന സൂചന.
വാക്സിനേഷന്‍ പ്രഖ്യാപനത്തെ എച്ച് ഐ വി അയര്‍ലണ്ട് സ്വാഗതം ചെയ്തു. ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്ക് എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതിനിടെ എച്ച് എസ് ഇ തീരുമാനത്തില്‍ നിരാശയറിയിച്ച് എച്ച് ഐ വി ആക്ടിവിസ്റ്റ് സംഘടനയായ ആക്ട് അപ് ഡബ്ലിന്‍ (എയ്ഡ്‌സ് കോയലിഷന്‍ ടു അണ്‍ലീഷ് പവര്‍) രംഗത്തുവന്നു.പത്തു ശതമാനത്തിന് വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്ന് സംഘടന കുറ്റപ്പെടുത്തി. പൊതുവായ തെളിവുകളൊന്നും അടിസ്ഥാനമാക്കിയുള്ളതല്ല ഈ തീരുമാനം. ഏറ്റവും അപകടസാധ്യതയുള്ള വിഭാഗത്തില്‍ 10%ന് മാത്രം കുത്തിവയ്പ്പ് നല്‍കുന്നത് കൂടുതല്‍ രോഗവ്യാപനത്തിന് കാരണമാവുമെന്നും സംഘടന പറഞ്ഞു.