ഡബ്ലിന്‍: പണപ്പെരുപ്പവും ജീവനക്കാരുടെ ക്ഷാമവും അയര്‍ലണ്ടിലെ ബഹുഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുമെന്ന് ഗവേഷണം. വര്‍ധിച്ചു വരുന്ന ബിസിനസ് ചെലവുകളും ജീവനക്കാരുടെ റിക്രൂട്ട്മെന്റും നിലനിര്‍ത്തലുമൊക്കെ വരുംനാളുകളില്‍ വ്യാപാര മേഖലയ്ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് ബിസിനസ് നിയമ സ്ഥാപനമായ മേസണ്‍ ഹെയ്‌സ് ആന്‍ഡ് കുറാനും ഐറിഷ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ ഗവേഷണം പറയുന്നത്.
കഴിവുള്ള ജീവനക്കാരുടെ കുറവും ഉയരുന്ന പണപ്പെരുപ്പവുമായിരിക്കും അടുത്ത ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് സ്ഥാപനങ്ങളെയും ബാധിക്കുക.രാജ്യത്തെ 85% സ്ഥാപനങ്ങളും അടുത്ത 12 മാസങ്ങളില്‍ ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കും. 40% സ്ഥാപനങ്ങള്‍ പണപ്പെരുപ്പത്തെ ഏറ്റവും വലിയ വെല്ലുവിളിയായി കാണുമ്പോള്‍ 30% വ്യാപാരികള്‍ക്കും ജീവനക്കാരുടെ അഭാവമാണ് പ്രധാന തലവേദനയാവുകയെന്ന് സര്‍വ്വേ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇത് 23% മാത്രമായിരുന്നു.ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ കൂടുതല്‍ ലയനങ്ങളും ഏറ്റെടുക്കലുകളുമുണ്ടാകുമെന്നും സര്‍വ്വേ പറയുന്നു.
കോര്‍പ്പറേഷന്‍ നികുതി 15% ആയി വര്‍ധിപ്പിച്ചാല്‍ കാര്യമായ പ്രത്യാഘാതമൊന്നും ഉണ്ടാകില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 70%ലധികം പേരും പറഞ്ഞു. എന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ബാധിക്കുമെന്നാണ് 20% പേരും പറയുന്നത്.70% കമ്പനികളും ഡിജിറ്റല്‍ രംഗത്താണ് ഇപ്പോള്‍ കൂടുതല്‍ നിക്ഷേപവും നടത്തുന്നത്. അതിനാല്‍ റിമോട്ട് വര്‍ക്കിംഗിന് വലിയ സ്വാധീനമുണ്ടെന്ന് പത്തില്‍ ഒമ്പത് ബിസിനസ് സ്ഥാപനങ്ങളും പറയുന്നു.