ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലോംഗ് കോവിഡ് ബാധിച്ച് അവധിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ആശങ്കപ്പെടുത്തുന്നു. ലോംഗ് കോവിഡ് രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ പ്രതിസന്ധിയിലാക്കുമോയെന്ന ഉല്‍ക്കണ്ഠയാണ് എച്ച് എസ് ഇയുടെ ഗവേഷണം പങ്കുവെയ്ക്കുന്നത്. കോവിഡ് ബാധിച്ച 12.7 ശതമാനം ആളുകള്‍ക്ക് ലോംഗ് കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും ജനസംഖ്യയില്‍ 69 ശതമാനം പേര്‍ക്കും രോഗം ബാധിച്ചേക്കാമെന്നും ദ ലാന്‍സെറ്റ് ഗവേഷണം വെളിപ്പെടുത്തുന്നു.
270 ആരോഗ്യ പ്രവര്‍ത്തകരാണ് ലോംഗ് കോവിഡ് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വ്വീസില്‍ നിന്നും അവധിയില്‍ പോയത്.ഇവരില്‍ പലരും സര്‍വ്വീസിലേയ്ക്ക് തിരികെ വന്നിട്ടില്ല. അമ്പത്തിയേഴ് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ലോംഗ് കോവിഡ് ബാധിച്ച് മൂന്നുമാസത്തിലേറെയായി പെയ്ഡ് ലീവിലാണെന്നും എച്ച് എസ് ഇ പറയുന്നു.
നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പടെ 200 പേര്‍ക്ക് ലോംഗ് കോവിഡ് രോഗനിര്‍ണയം നടത്തിയതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു.മൂന്ന് മാസത്തിനപ്പുറം നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങളുള്ളതിനെയാണ് ലോംഗ് കോവിഡെന്ന് എച്ച് എസ് ഇ നിര്‍വചിക്കുന്നത്.
മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ 3,36,000 ആളുകള്‍ക്ക് ലോംഗ് കോവിഡിന് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് സ്വതന്ത്ര ടി ഡി ഡെനിസ് നോട്ടന്‍ പറഞ്ഞു. ഡബ്ലിനില്‍ 1,00,000 പേരെ വരെ ലോംഗ് കോവിഡ് ബാധിച്ചേക്കും. ലെയ്ട്രിമില്‍ 2,075 വരെയാകാമെന്നും ടി ഡി ചൂണ്ടിക്കാട്ടുന്നു.ലോംഗ് കോവിഡ് രോഗികളുടെ വര്‍ധനവ് ആശുപത്രികളെയും ആരോഗ്യ രംഗത്തെയും കഷ്ടത്തിലാക്കുമെന്ന് ടി ഡി പറഞ്ഞു.
എന്നാല്‍ ഈ പഠനത്തിന്റെ കണ്ടെത്തലുകളുടെ കൃത്യതയെ ചോദ്യം ചെയ്ത് ചില ജി പി മാര്‍ രംഗത്തുവന്നിട്ടുണ്ട്. ക്ലെയറില്‍ 8,300 പേര്‍ക്ക് ലോംഗ് കോവിഡ് ബാധിക്കുമെന്ന നിരീക്ഷണം ശരിയല്ലെന്ന് ലാഹിഞ്ചിലെ ജിപി മൈക്കല്‍ കെല്ലെഹര്‍ പറഞ്ഞു.ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ ജി പി കമ്മിറ്റി അധ്യക്ഷനായ ഡെനിസ് മക്കോളിയും ഈ കണ്ടെത്തലുകളുടെ വിശ്വാസ്യതയെ വിമര്‍ശിച്ചു.ഡോണഗേലില്‍ ലോംഗ് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഡെനിസ് മക്കോളി പറഞ്ഞു.