ഡബ്ലിന്‍ : അയര്‍ലണ്ടിലെമ്പാടും ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് നല്ലൊരു ശതമാനം തൊഴിലാളികളുമെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഹേയ്‌സ് അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ട്. വിദഗ്ധ തൊഴിലാളികളുടെ കുറവുള്ളതിനാല്‍ തൊഴിലുടമകള്‍ തമ്മില്‍ ജീവനക്കാരെ കിട്ടാന്‍ മല്‍സരമാണ്.
ഈ പശ്ചാത്തലവും വര്‍ധിച്ച ജീവിതച്ചെലവുമെല്ലാം ശമ്പള വര്‍ധന അനിവാര്യമാക്കുകയാണ്.അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നാണ് തൊഴിലാളികള്‍ കരുതുന്നത്. ഒട്ടേറെ തൊഴിലുടമകള്‍ കൗണ്ടര്‍ ഓഫറുകളും ബോണസുകളുമെല്ലാം മുന്നോട്ടുവെച്ചിട്ടുമുണ്ട്.പൊതുവില്‍ അയര്‍ലണ്ടില്‍ തൊഴിലാളികള്‍ക്ക് നല്ല കാലം വരുമെന്ന വിശ്വാസമാണ് എല്ലാവരും പങ്കുവെയ്ക്കുന്നത്.
മൂന്നിലൊന്ന് തൊഴിലുടമകളും (34%) അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ജീവിതച്ചെലവ് വര്‍ധിച്ചതിനാലാണ് ശമ്പളം വര്‍ധിപ്പിക്കേണ്ടി വന്നതെന്നാണ് ഇവരില്‍ 55%വും പറയുന്നത്.തൊഴിലുടമകളില്‍ പകുതിയോളം പേരും (45%) മുന്‍ ക്വാര്‍ട്ടറില്‍ തന്നെ ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷ(55%)വും അത് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തൊഴിലാളികളെ നിലനിര്‍ത്തുന്നതിനായി തൊഴിലുടമകള്‍ ശമ്പള വര്‍ദ്ധനവ് ഒഴികെയുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.സൂപ്പര്‍മാര്‍ക്കറ്റ്് ഡിസ്‌കൗണ്ടുകളും ഗാര്‍ഹിക യൂട്ടിലിറ്റി വൗച്ചറുകളും വായ്പകളുമൊക്കെയാണ് ഇവര്‍ ഓഫര്‍ ചെയ്യുന്നത്. പുതിയ ജീവനക്കാര്‍ക്കായി 21 ശതമാനത്തിലേറെ സ്ഥാപനങ്ങളും ബോണസ് വാഗ്ദാനം ചെയ്യുന്നതായി സര്‍വ്വേ പറയുന്നു. അതേസമയം, 38 ശതമാനം കമ്പനികള്‍ ബദല്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.രാജ്യത്തെ മൂന്നിലൊന്ന് (36%) തൊഴിലുടമകളും റിമോട്ട് വര്‍ക്കിംഗ് തസ്തികകളില്‍ നിയമനത്തിനും പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലണ്ടില്‍ ജൂലൈയില്‍ പണപ്പെരുപ്പം 9.1 ശതമാനത്തിലെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഇത് 9.6 ശതമാനമാണ്. ഈ വര്‍ഷം തന്നെ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.അതേ സമയം, തൊഴില്‍ വിപണിയിലെ ഒഴിവുകളുടെ തോത് മാര്‍ച്ച് അവസാനത്തോടെ 1.6%മായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ (.5%) വര്‍ധനവുണ്ടെങ്കിലും യൂറോപ്യന്‍ ശരാശരിയായ മൂന്നു ശതമാനത്തേക്കാള്‍ താഴെയാണിത്.