പ്രവാസി സൗജന്യ നിയമസഹായം ഉടനെ നടപ്പാക്കണം: അസീര്‍ സോഷ്യല്‍ ഫോറം.

New Update

അബഹ: പ്രവാസികള്‍ക്ക് വിദേശത്ത് സൗജന്യമായി നിയമ സഹായം ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച പ്രവാസി ലീഗല്‍ സെല്ലിനെ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു.

Advertisment

publive-image

കേന്ദ്ര, കേരള ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയിൽ പ്രവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫയര്‍ ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തയ്യാറാവണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

ഭരണഘടനാപരമായും ലീഗല്‍ അതോറിറ്റി ആക്റ്റ് അനുസരിച്ചും വിദേശത്ത് സൗജന്യ നിയമ സഹായത്തിന് പ്രവാസികൾക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഈ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. സോഷ്യല്‍ ഫോറം അടക്കമുള്ള സാമൂഹിക സംഘടനകളുടെ ഇടപെടലിലൂടെ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ നിയമപോരാട്ടങ്ങൾ മുന്നോട്ട് പോവുന്നത്.

സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലിലൂടെ മലയാളി യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിയ കേസ്, പ്രകൃതി വിരുദ്ധ പീഢനശ്രമം എതിർക്കുന്നതിനിടയിൽ സ്വദേശി പൗരൻ കൊല്ലപ്പെട്ട കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് അവസാനം നിരപരാധിത്വം തെളിയിക്കപ്പെട്ട് തിരിച്ച് നാട്ടിലേക്ക് പോവാൻ സാധിച്ച ഉത്തർപ്രദേശ് അസംഗഡ് സ്വദേശിയുടെ കേസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

കോടതിയില്‍ വേണ്ട രീതിയിൽ വാദിച്ച് നിരപരാധിത്വം തെളിയിക്കാനാവാതെ വന്നതാണ് ഇന്ത്യക്കാർക്ക്  ആദ്യ ഘട്ടങ്ങളിൽ കോടതി വിധി എതിരായി വന്നത്. എന്നാല്‍ ഈ കേസുകളിൽ സോഷ്യൽ ഫോറം വെൽഫയർ കൺവീനർ സൈദ് മൗലവി അരീക്കോട് ഇടപെട്ട് മേല്‍കോടതിയില്‍ നിയമ വശങ്ങൾ പഠിച്ച് കൃത്യമായി ബോധിപ്പിക്കാന്‍ സാധിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുകയായിരുന്നു.

അന്യായ ഹുറൂബ് കേസുകളും സ്‌പോണ്‍സര്‍മാരില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങളും അടക്കം നിരവധി നിയമ പ്രശ്നങ്ങൾ പ്രവാസികൾ നേരിടുന്നുണ്ട്. ആവശ്യമായ നിയമസഹായങ്ങൾ ലഭിക്കാത്തതിനാല്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വിവിധ കേസുകളില്‍ അകപ്പെട്ടവർ തുടർ നടപടികൾ പൂർത്തിയാക്കാൻ ആളില്ലാതെ വരുന്നതിനാൽ ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരുന്നു,

ചില കേസുകളിൽ വിധി വരാന്‍ കാലതാമസം എടുക്കുന്നതിനാൽ അവകാശങ്ങള്‍ ലഭിക്കാന്‍ കാത്തുനില്‍ക്കാതെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥകളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ സമൂഹം കൂടുതലുള്ള പ്രദേശങ്ങളിൽ എംബസി മുഖേന വക്കീലുമാരെ വെച്ച് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരം ആകുമെന്നും സോഷ്യല്‍ ഫോറം വിലയിരുത്തി.

യോഗത്തില്‍ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ മഞ്ചേശ്വരം, റാഫി പട്ടർ പാലം, യൂനുസ് കൊളത്തൂർ, അൻവർ താനൂർ എന്നിവർ സംബന്ധിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം സ്വാഗതവും ഹബീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Advertisment