പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനം സ്വാഗതാർഹം; ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതാർഹവും ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയവുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോലി നഷ്ടപ്പെട്ടും മരണ ഭയം കൊണ്ടും സ്വന്തം കുടുംബത്തെ ഒരുനോക്കു കാണാൻ ഏതുവിധേനയും നാടാണയാൻ ശ്രമിക്കുന്ന പ്രവാസികൾക്ക്മേൽ അടിച്ചേൽപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറം അടക്കമുള്ള പ്രവാസി സംഘടനകൾ പ്രക്ഷോഭ രംഗത്തായിരുന്നു.

Advertisment

publive-image

നിയമം ഉടൻ തിരുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതികളും, സാമുഹ്യ മാധ്യമങ്ങളിൽ പ്രതിഷേധ കാമ്പയിനുകളും, പ്രവാസലോകത്തെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കളെ ഒരുവേദിയിൽ അണിനിരത്തി വിർച്വൽ മീറ്റിംഗുകളും ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ചിരുന്നു. തുടർന്ന് പ്രവാസികളുടെ വിഷയം ഏറ്റെടുത്ത് നാട്ടിൽ എസ്.ഡി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നു. സോഷ്യൽ ഫോറം സംഘടിപ്പിച്ച എയർ ഇന്ത്യ ഓഫീസ് മാർച്ച്, എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളുടെ സെക്രട്ടേറിയേറ്റിനു മുന്നിലുള്ള ഉപവാസം,
20 മന്ത്രി മന്ദിരങ്ങളിലേക്ക് മാർച്ച്, കേരളത്തിലെ 4 നോർക്ക ഓഫീസുകളിലേക്ക് മാർച്ച് എന്നിവയും എസ്.ഡി.പി.ഐ സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനെതിരെ നടന്ന ജനകീയ സമരങ്ങള്‍ക്കും പ്രവാസികളുടെ രോഷത്തിനും മുന്നില്‍ സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പ്രവാസികളുടെ മടങ്ങിവരവ് തടഞ്ഞ് തുടക്കം മുതൽ കേരള മുഖ്യ മന്ത്രിയും സർക്കാരും അവരുടെ ഇമേജ് വർദ്ധിപ്പിക്കാനായിരുന്നു ശ്രമിച്ചിരുന്നത്.

പ്രവാസികളുടെ ജീവൻ വെച്ചുകൊണ്ടുള്ള ഈ കളി സർക്കാർ ഇനിയെങ്കിലും അവസാനിപ്പിക്കണം. കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, ജോലി നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രക്ഷോഭരംഗത്ത് തുടരുമെന്നും സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസർ കൊടുവള്ളി, ജനറൽ സെക്രട്ടറി മുബാറക് പൊയിൽ തൊടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Advertisment