Advertisment

എന്‍.ഐ.ഒ.എസ് പാഠ്യപദ്ധതിയെ കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ ചെറുക്കുക: എസ്‌ഐഒ

New Update

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് പ്രകാശനം ചെയ്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിംഗിന്റെ (എൻ.ഐ.ഒ.സ്) പുതിയ പാഠ്യപദ്ധതി വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള സംഘ്പരിവാർ നീക്കത്തിന്റെ ഭാഗമാണെന്നും ഭാരതീയ ജ്ഞാന പരമ്പര എന്ന പേരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ കോഴ്‌സുകൾ ഇന്ത്യയുടെ ബഹുമുഖ പാരമ്പര്യത്തെ ബോധപൂർവ്വം തിരസ്‌കരിക്കുന്നതാണെന്നും എസ്.ഐ.ഒ. രാമായണവും വേദങ്ങളും ഭഗവത്ഗീതയും യോഗയും ഗോപരിപാലനവും ഉൾപ്പടെ 15 കോഴ്സുകൾ അടങ്ങിയ 'ഭാരതീയ ജ്ഞാന പരമ്പര' എന്ന പാഠ്യപദ്ധതിയെ എൻ.ഐ.ഒ.എസ് സിലബസിൽ ചേർക്കാനുള്ള സംഘ്പരിവാർ നീക്കത്തെ ചെറുക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Advertisment

ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തെ വീണ്ടെടുക്കാനെന്ന പേരിൽ നടപ്പിലാക്കപ്പെടുന്ന പുതിയ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും വിജ്ഞാനത്തിന്റെ മേലുള്ള ബ്രാഹ്‌മണ അധീശത്വത്തെ അരക്കിട്ടുറപ്പിക്കാനുമുള്ള സംഘ്പരിവാർ അജണ്ടയാണ്. ബൗദ്ധ-ദ്രാവിഡ-മുസ്ലിം-ഇതര സംഭാവനകൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ബഹുമുഖമായ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വൈവിധ്യത്തെ അവഗണിച്ചുകൊണ്ട് ആ പേരിൽ ഹൈന്ദവ വിശ്വാസങ്ങളെ പാഠ്യപദ്ധതിയിലേക്ക് ഒളിച്ചുകടത്താനാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻ.ഐ.ഒ.എസിലൂടെ നിരവധി വിദ്യാർഥികളാണ് എല്ലാ വർഷവും അവരുടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത്. അവരിൽ വലിയൊരു വിഭാഗം മദ്രസകളിലും മറ്റു സ്ഥാപനങ്ങളിലുമായി മത വിദ്യാഭ്യാസം തുടരുന്നവരുമാണ്. ആദ്യഘട്ടത്തിൽ അത്തരത്തിലുള്ള നൂറോളം മദ്രസകളിലേക്ക് പുതിയ പാഠ്യപദ്ധതിയെ നടപ്പാക്കാനാണ് എൻ.ഐ.ഒ.എസ് തീരുമാനം. ഇത് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതോടൊപ്പം വിശ്വാസസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നതിൽ സംശയമില്ല.

ഏറെ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും പരിഹരിക്കാൻ തയ്യാറാവാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമായാണ് ഈ പാഠ്യപദ്ധതിയെയും മനസിലാക്കേണ്ടത്. ഇന്ത്യൻ സംസ്‌കാരത്തെ കുറിച്ച ഏകശിലാത്മകമായ സങ്കൽപത്തെ ഉയർത്തിപ്പിടിക്കുന്നതും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളെ നിരാകരിക്കുന്നതുമായ പ്രസ്തുത നയങ്ങളുടെ പിൻബലത്തിലാണ് സംഘപരിവാർ ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തെ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റിപ്പണിയാൻ ഒരുമ്പെടുന്നത്. രാജ്യത്തെ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങൾ വംശീയമായ ആക്രമണങ്ങൾക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവരുടെ ചരിത്രത്തെയും വൈജ്ഞാനികതയെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധങ്ങൾ ഉയരേണ്ടത് അനിവാര്യമാണെന്ന് എസ് ഐ ഒ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീൻ നദ് വി, ഷമീർ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Advertisment